Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

"ഇവിടെനിന്ന് ആട്ടിപ്പായിക്കുന്നതിനുമുമ്പ് ഞങ്ങളെ കൊന്നുതരുമോ" ദയനീയ ചോദ്യവുമായി ഒരു റോഹിങ്ക്യൻ അഭയാര്‍ഥി

ചെന്നൈ: "ഇവിടെനിന്ന് ആട്ടിപ്പായിക്കുന്നതിനുമുമ്പ് ഞങ്ങളെ കൊന്നുതരുമോ" എന്ന ദയനീയ ചോദ്യവുമായി ഒരു റോഹിങ്ക്യൻ അഭയാര്‍ഥി. 19 കുടുംബങ്ങളിലായി 94 പേരടങ്ങുന്ന റോഹിങ്ക്യൻ മുസ്ലിങ്ങള്‍ അഞ്ചു വർഷമായി തമിഴ്നാട്ടില്‍ അഭയം തേടിയിട്ട്. ഏതു സമയവും താൽക്കാലിക അഭയകേന്ദ്രത്തിൽനിന്ന് പുറത്താക്കപ്പെടാമെന്ന വേദനയോടെ ഇവർ തിരിച്ചറിയുന്നു. കാഞ്ചീപുരം ജില്ലയിലെ കേളമ്പാക്കത്തുള്ള അഭയാർഥി ക്യാമ്പിൽ ജീവിതം നരകതുല്യമാണ്. ഇടിഞ്ഞുവീഴാറായ കൂരകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. 10 അടി വീതം വീതിയും നീളവുമുള്ള മുറികൾ തുണികൾകൊണ്ട് മറച്ച് സ്വന്തം ഇടങ്ങളുണ്ടാക്കിയാണ് ഒാരോരുത്തരും താമസിക്കുന്നതെന്ന് 80 കാരനായ അബൂബക്കർ പറയുന്നു. ആകെ നാലു കക്കൂസുകളാണുള്ളത്. ഇതിൽ രെണ്ടണ്ണം മാത്രമാണ് ഉപയോഗിക്കാവുന്നത്. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെ ചെന്നൈയിലെ റസ്റ്റാറൻറുകളിലും മറ്റു കടകളിലും സഹായികളായി നിന്നാണ് പുരുഷന്മാർ കുടുംബം പോറ്റുന്നത്. സ്ത്രീകളാവെട്ട സമീപ പ്രദേശങ്ങളിലെ ആശുപത്രികൾ, െഎ.ടി കമ്പനികൾ എന്നിവിടങ്ങളിൽ ശുചീകരണ ജോലികൾക്ക് പോകുന്നു. പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള തമിഴ് സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. ചിലർ പഠനം ഉപേക്ഷിച്ച് കുടുംബം പോറ്റാൻ തൊഴിലെടുക്കുന്നു.
 
മ്യാന്മറിലെ പടിഞ്ഞാറൻ പ്രദേശമായ റാഖിനി സംസ്ഥാനത്താണ് തങ്ങളുടെ കുടുംബവേരുകളെന്ന് ഇവർ പറയുന്നു. പട്ടാളത്തിെൻറ സഹായത്തോടെ അക്രമം അഴിച്ചുവിട്ട ബുദ്ധസന്യാസിമാരിൽനിന്ന്  രക്ഷതേടിയാണ് രാജ്യംവിട്ടതെന്ന് അഭയാർഥിയായ ഇല്യാസ് യാസിർ പറഞ്ഞു. അഭയാർഥികൾക്കായുള്ള െഎക്യരാഷ്ട്രസഭ ഹൈകമ്മീഷൻ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തങ്ങളാരും ഒളിച്ചല്ല താമസിക്കുന്നതെന്നും മതാധ്യാപകനായ ഹാഫിസ് ഉസ്മാൻ പറയുന്നു.