Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഗണേഷ്‌ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നൽകും

ഗണേഷ്‌ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നൽകും

തിരുവനന്തപുരം:മലയാള സിനിമയിലെ നടിമാരുടെ  സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഗണേഷ്‌ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നൽകും. ഗണേഷ് കുമാര്‍ എംഎല്‍എ ഭരണഘടനാ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. എംഎല്‍എ ആയിരിക്കെ ദിലീപിനെ പിന്തുണച്ചതിലൂടെ ഗണേഷ് കുമാര്‍ പദവി ദുരപയോഗം ചെയ്തെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം വിധു വിന്‍സെന്‍റ് പറഞ്ഞു.
ഇന്നലെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന സിനിമാ പുരസ്കാര ചടങ്ങില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അവാര്‍ഡ് വിതരണ വേദിയ്ക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.
സെപ്തംബര്‍ 5ന് ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാര്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. ഒരു ആപത്തില്‍ പെടുമ്പോള്‍ കൈയ്യൊഴിയാന്‍ പാടില്ലെന്നത് കൊണ്ടു മാത്രമാണ് താന്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയതെന്നാണ് സന്ദര്‍ശനത്തെക്കുറിച്ച് ഗണേശ്കുമാര്‍ പ്രതികരിച്ചത്.മാത്രമല്ല ദിലീപിനെ സിനിമ ലോകം പിന്തുണക്കണമെന്നും,ദിലീപിന്റെ സഹായവും,ഔദാര്യവും പറ്റിയവർ കൂറ് കാണിക്കണമെന്നും ഗണേഷ്‌കുമാർ ആഹ്വാനം ചെയ്തിരുന്നു.