Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

മലപ്പുറം കുഴല്‍പണ മാഫിയയുടെ പിടിയിൽ : ജില്ലയിലെ സാമ്പത്തിക രംഗം നിയത്രിക്കുന്നതു കുഴൽ പണ മാഫിയകൾ

മലപ്പുറം കുഴല്‍പണ മാഫിയയുടെ പിടിയിൽ : ജില്ലയിലെ സാമ്പത്തിക രംഗം നിയത്രിക്കുന്നതു കുഴൽ പണ മാഫിയകൾ

മലപ്പുറം: ഒരിടവേളക്ക് ശേഷം  മലപ്പുറം ജില്ലയില്‍ വീണ്ടും കുഴല്‍പണ മാഫിയ സജീവമാവുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽ പണമിടപാട് നടക്കുന്ന ജില്ലയെന്നു ഖ്യാതികേട്ട മലപ്പുറത്തെ എത്ര നിയന്ത്രിച്ചാലും ഇക്കൂട്ടരുടെ പിടിയിൽ നിന്നും അടർത്തിയെടുക്കാൻ കഴിയില്ല.   അടുത്തിടെ മാത്രം പത്തുകോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് ജില്ലയില്‍ നിന്നും  പൊലീസ് പിടിച്ചെടുത്തതു. പെരിന്തല്‍മണ്ണ,തിരൂര്‍, കോട്ടയ്‌ക്കല്‍, വേങ്ങര എന്നിങ്ങനെയുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കുഴല്‍പ്പണമാഫിയ പിടി മറുക്കിക്കഴിഞ്ഞിട്ടുണ്ട്. നോട്ടു നിരോധനത്തിന് ശേഷം മൂന്നു മാസത്തോളം നിലച്ചിരുന്ന കുഴല്‍പണമിടപാട് അടുത്തിടെയാണ് വീണ്ടും സജീവമായത്.
ഒമ്പത് കോടി ഇരുപതു ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അടുത്തിടെ മാത്രം പൊലീസ് പിടിച്ചെടുത്തത്.ഏറ്റവും കൂടുതല്‍ കുഴല്‍പണം പിടിച്ചെടുത്തത് പെരിന്തല്‍മണ്ണയിലാണ്. മൂന്നരക്കോടി രൂപ. മഞ്ചേരിയില്‍ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയും കരുവാരക്കുണ്ട് ഒരു കോടി രൂപയും പിടിച്ചെടുത്തു.തിരൂരില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ അനധികൃത മദ്യപരിശോധയിലും കുഴല്‍പണമാണ് കിട്ടിയത്.
ബൈക്കില്‍ കൊണ്ടുവരികയായിരുന്ന നാലേകാല്‍ ലക്ഷം രൂപ എക്‌സൈസ് അധികൃതര്‍ പിടികൂടി പൊലീസിന് കൈമാറി. കൊയമ്പത്തൂരില്‍ നിന്നാണ് പ്രധാനമായും കുഴല്‍പണം എത്തുന്നതെന്നാണ് സൂചന. മലപ്പുറത്തിനു പുറമേ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ് കുഴല്‍പണ മാഫിയയുടെ പ്രധാന താവളം.ഒരു മിനി ഗൾഫ് എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിൽ കുഴൽ പണമിടപാട് നടത്തുന്നത് ഗൾഫുകാരുടെ വീടുകൾ കേന്ത്രീകരിച്ചാണ്.ശാസ്ത്രവും,ലോകവും,വ്യവസായവുമൊക്കെ വാനോളം വളർന്നിട്ടും മലപ്പുറത്തുള്ള ഗൾഫിൽ ജോലിചെയ്യുന്ന പലർക്കും ഇതുവരെ ബാങ്കുകളിൽ ഒരു അക്കൗണ്ട് പോലുമില്ല.എന്നാൽ കൃത്യമായി മാസാമാസം അവരവരുടെ വീടുകളിൽ ഗൾഫിൽ നിന്നുള്ള പണമെത്തും.വലിയ സർവീസ് ചാർജില്ലാതെ സമയ നഷ്ടമില്ലാതെ എങുംപോയി ക്യൂ നിൽക്കാതെ ഗൾഫിലുള്ളവർക്കും എളുപ്പം പണമയക്കുന്നതിനും ഇക്കൂട്ടർ സഹായമാകുന്നു.പണം അവിടെ കൊടുത്താൽ കൃത്യമായി കിട്ടേണ്ടവരുടെ കയ്യിൽ തന്നെ പണം കിട്ടുന്നു.ഇതാണ് അവർക്കു തഴച്ചു വളരാനുള്ള മണ്ണ് മലപ്പുറമായി മാറിയത്.