Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ജയ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

 ജയ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ഇന്നലെ രാത്രി പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും വിഛേദിച്ചിട്ടുണ്ട്. 
 
രാംഗഞ്ചില്‍ നടന്ന പോലീസിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ബൈക്ക്‌ യാത്രികനെ പോലീസ് തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. പോലീസിനെ ഇടിച്ചിട്ടശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. 
 
പ്രദേശത്തേക്ക് കൂടുതല്‍ പോലീസ് എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസിനു നേര്‍ക്ക് കല്ലേറുമുണ്ടായി. നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അക്രമാസ്തരായ ജനക്കൂട്ടം ഒരു പവര്‍ ഹൗസിനും ആംബുലന്‍സ് അടക്കം ഏതാനും വാഹനങ്ങള്‍ക്കും തീയിട്ടു. ഒരു പോലീസ് സ്‌റ്റേഷനും ജനക്കൂട്ടം ആക്രമിച്ചതായും പോലീസ് പറയുന്നു. മാധ്യമപ്രവര്‍ത്തകരെയും ജനക്കൂട്ടം ആക്രമിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ മാനക് ചൗക്, സുഭാഷ് ചൗക്, ഗാര്‍ട്ട ഗേറ്റ്, രാംഗഞ്ച് എന്നിവിടങ്ങളിലാണ് പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.