Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന അഹിന്ദുക്കൾ‌ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം; അജയ് തറയിൽ

ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന അഹിന്ദുക്കൾ‌ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം; അജയ് തറയിൽ

കോഴിക്കോട്: അഹിന്ദുക്കൾ‌ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് അംഗവുമായ അജയ് തറയിൽ. അഹിന്ദുക്കൾ‌ ഉൾപ്പെടെ ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അജയ് തറയിൽ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ടു നിലവിലുള്ള ഉത്തരവു പരിഷ്കരിച്ചു പുതിയ ഉത്തരവു പുറപ്പെടുവിക്കണമെന്നും അജയ് തറയിൽ ആവശ്യപ്പെടുന്നുണ്ട്. 
 
ഹിന്ദുക്കൾക്കും ഹിന്ദുമത വിശ്വാസികളെന്ന് എഴുതി നൽകുന്നവർക്കും മാത്രമാണ് ഇന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കൾ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തിൽ കയറി ആരാധന നടത്തുന്നത് ഒരു പതിവാണ്. ഈ സാഹചര്യത്തിൽ അഹിന്ദുക്കൾക്കു ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന ദേവസ്വം ബോർഡ് തീരുമാനത്തിനു പ്രസക്തിയില്ലാതാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ 1952 ലെ ദേവസ്വം ബോർഡ് ഉത്തരവു പരിഷ്കരിച്ചു ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആർക്കും ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന തിരുത്തു വരുത്തി ഉത്തരവിറക്കാൻ ആഗ്രഹിക്കുന്നുവെന്നും അജയ് തറയിൽ വ്യക്തമാക്കി.
 
ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നൽകുന്നതു പരോക്ഷമായ മതപരിവർത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റു മെമ്പർമാരും പൂർണ പിന്തുണ നൽകുമെന്നു പ്രതീക്ഷിക്കുന്നതായും തറയിൽ വ്യക്തമാക്കി.