Sunday, December 17, 2017
Reg:No 91291/Kermal/2004/18734

രതിമൂര്‍ച്‌ഛ; സ്‌ത്രീയിലും പുരുഷനിലും

രതിമൂര്‍ച്‌ഛ; സ്‌ത്രീയിലും പുരുഷനിലും

ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റ്റെ  ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്‌; രതിമൂര്‍ച്‌ഛ. 
 
ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന്‌ വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്‌. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള സമയമാണത്‌.
 
ചുഴിയും മലരും നിറഞ്ഞതാണ്‌ സ്‌ത്രീയുടെ ലൈംഗികാനന്ദ ചക്രമെങ്കില്‍ പുരുഷന്റ്റേത്  ഒരു കുത്തൊഴുക്കിനു സമാനമാണ്‌. രണ്ടായാലും രതിക്രീഡയുടെ ലാവാപ്രവാഹമൊടുങ്ങുന്നത്‌, ഇരുവരിലും സുഖദുഃഖങ്ങളും ത്രിഗുണങ്ങളുമൊഴിഞ്ഞ, രതിമൂര്‍ച്‌ഛയെന്ന കൈവല്യാവസ്ഥയിലാണ്‌. സ്‌ത്രീ-പുരുഷശരീരങ്ങളും മനസ്സും ദൈതഭാവവും  ഭേദചിന്തകളുമെല്ലാമൊഴിഞ്ഞ്‌ ഒന്നായുരുകിയലിഞ്ഞെങ്കില്‍ മാത്രമേ രതിമൂര്‍ച്‌ഛ എന്ന അത്യുല്‍ക്കടമായ ആത്മനിര്‍വൃതി കരഗതമാകൂ. ജനനേന്ദ്രിയത്തിലെ കൃസരി,  ജി.സ്‌പോട്ട്‌,  cudle a sack എന്നീ വികാരകേന്ദ്രങ്ങളുടെ യഥാവിധിയായ ഉത്തേജനത്തിലൂടെയാണ്‌ സ്‌ത്രീ രതിമൂര്‍ഛയണയുന്നത്‌. 
 
സ്‌ത്രീയിലും പുരുഷനിലും രതിമൂര്‍ച്‌ഛയെന്നത്‌ ജനനേന്ദ്രിയത്തില്‍ അരങ്ങേറുന്ന ഒരു പ്രതിഭാസമാണെന്നാണ്‌ നമ്മുടെ നാട്ടില്‍ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ പോലും ധരിച്ചുവെച്ചിരിക്കുന്നത്‌. ചുരുങ്ങിയപക്ഷം സ്‌ഖലനവും രതിമൂര്‍ച്ഛയും പുരുഷനില്‍ ഒന്നാണെന്നെങ്കിലും പുരുഷ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നു. സ്‌ഖലനം നടക്കുന്നത്‌ ലിംഗത്തിലാണെങ്കിലും, രതിമൂര്‍ച്‌ഛ, സ്‌ത്രീയെപ്പോലെ തന്നെ, പുരുഷനിലും, മസ്‌തിഷ്‌ക്കത്തിലാണ്‌ സംഭവിക്കുന്നത്‌. രണ്ടും ഏതാണ്ട്‌ ഏകകാലത്തു അനുഭവവേദ്യമാകുന്നുവെന്നു മാത്രം.