Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പത്തുമിനുട്ട് കൊണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും

ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പത്തുമിനുട്ട് കൊണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 19ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സിക്രട്ടറി കെ പി എ മജീദ്.18ന് പാര്‍ട്ടിയുടെ പാര്‍ലമെന്റ് കമ്മറ്റി യോഗം ചേരും.
 
പത്തുമിനുട്ട് കൊണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കണ്ണൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് പ്രാദേശിക പ്രശ്‌നങ്ങള്‍ പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്നായിരുന്നു മറുപടി. പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പഞ്ചായത്തുകളില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കെ പി സി സി പ്രസിഡന്റിനെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്. അതിന് ഘടകകക്ഷിയെന്ന നിലയില്‍ ലീഗിന് ഒരു അഭിപ്രായവുമില്ല. ഹൈക്കമാന്റിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അതിന് കഴിവുണ്ട്.
 
പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. അതിലും ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സ്ഥാനാര്‍ത്ഥി താങ്കളായിരിക്കുമോയെന്ന ചോദ്യത്തിന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിശ്ചയിക്കും. തങ്ങള്‍ അത് പ്രഖ്യാപിക്കും. ആ സ്ഥാനാര്‍ത്ഥി വെങ്ങരയില്‍ മത്സരിക്കും. അത് ആരായാലും വെങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.