Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ജപ്പാനെ കടലിൽ മുക്കും, യുഎസിനെ ചാരമാക്കും; ഭീഷണിയുമായി ഉത്തര കൊറിയ

ജപ്പാനെ കടലിൽ മുക്കും,   യുഎസിനെ ചാരമാക്കും; ഭീഷണിയുമായി  ഉത്തര കൊറിയ

സോൾ:  ആണവായുധങ്ങൾ ഉപയോഗിച്ചു ജപ്പാനെ ‘കടലിൽ മുക്കു’മെന്നും യുഎസിനെ ‘ചാരമാക്കു’ മെന്നും ഉത്തര കൊറിയ. യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെയാണ് ഭീഷണിയുമായി  ഉത്തര കൊറിയ രംഗത്ത് എത്തിയത്.  ഉത്തര കൊറിയയുടെ വാർത്ത ഏജൻസി കെസിഎൻഎ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
യുഎൻ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമർശിച്ചത്. ‘ആപത്കാലത്തിന്റെ ഉപകരണം’ എന്നായിരുന്നു വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ – പസിഫിക് പീസ് കമ്മിറ്റി ഉപരോധത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങൾ’ ആണ് ഉപരോധത്തെ പിന്താങ്ങിയതെന്നും കമ്മിറ്റി ആരോപിച്ചു.
 
വാചകമടി തുടർന്നാൽ യുഎസ് കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പിനുശേഷമാണു പുതിയ ഭീഷണി. യുഎസ് അവരുടെ നിഷേധാത്മക നിലപാടു തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചർച്ചകൾക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.