Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി.

ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി.

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ്  ജാമ്യപേക്ഷ നല്‍കിയത്. അഡ്വ. രാമന്‍പിള്ള വഴി നല്‍കിയ അപേക്ഷയില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് അപേക്ഷയില്‍ പറയുന്നത്. 60 ദിവസത്തോളമായി താന്‍ അന്വേഷണത്തില്‍ സഹകരിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയില്ല. അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിന്‍റെ വാദം.
അതേസമയം  നടിയെ ആക്രമിച്ച കേസില്‍ ഹൈകോടതിയുടെ വിമർശനങ്ങളെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ വി ജോർജ് പറഞ്ഞു . മാധ്യമങ്ങളിൽ കണ്ട അറിവേ ഉള്ളൂവെന്നും അന്വേഷണത്തിൽ വീഴ്ച ഇല്ലെന്നും എസ്‍പി വ്യക്തമാക്കി.എന്നാൽ  അന്വേഷണം രണ്ട് ആഴ്ചക്കുള്ളിൽ പൂർത്തിയവുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയട്ടെ എന്നും കോടതി പറഞ്ഞു.
കേസില്‍ കഴിഞ്ഞദിവസം സംവിധായകന്‍ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു  ജസ്റ്റീസ് പി ഉബൈദിന്‍റെ പരാമർശങ്ങൾ. അന്വേഷണം സിനിമയുടെ തിരക്കഥപോലെയാണോ എന്ന് ചോദിച്ച കോടതി എന്നിത് തീരുമെന്നും പ്രസിക്യൂഷനോട്  ആരാഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂ‍‍ർത്തിയാക്കുമെന്നായിരുന്നു ഡിജിപിയുടെ മറുപടി.
സുനിൽകുമാറിന്‍റ മൊഴിയുമായി ബന്ധപ്പെട്ട പുതിയ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിനെയും കോടതി വിമ‍ർശിച്ചിരുന്നു. കുറ്റപത്രം കൊടുത്ത കേസിൽ എങ്ങനെയാണ് ഒന്നാം പ്രതിയെ വീണ്ടും ചോദ്യംചെയ്യുന്നതെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് അന്വേഷണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. വാർത്തകളും ചർച്ചകളും അതിരുവിട്ടാൽ  ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.