Thursday, January 18, 2018
Reg:No 91291/Kermal/2004/18734

ദിലീപ് : 'പ്രതിച്ഛായാജ്വരത്തിന്റ്റെ' ഇര

ദിലീപ് : 'പ്രതിച്ഛായാജ്വരത്തിന്റ്റെ'  ഇര

ജി ഹരി നീലഗിരി 
 
സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഓരോ ദിവസവും തങ്ങളുടെ പ്രതിച്ഛായ മിനുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ സാധാരണക്കാരിൽ  ഇത് പ്രതിച്ഛായാനിർമ്മിതിയുടെ  തലത്തിൽ നിന്ന് 'പ്രതിച്ഛായാജ്വര'ത്തിലേക്കു സാമാന്യേന  അധഃപതിച്ചു പോകാറില്ല. 
നല്ലൊരു വീടോ കാറോ ആകാം സാധാരണക്കാരന്റ്റെ പ്രതിച്ഛായാനിർമ്മിതിയുടെ പ്രചോദനം. ഏതൊരു മനുഷ്യനിലുമുള്ള ഇത്തരം  അഭിലാഷങ്ങളുടെ പൂർത്തീകരണത്തോടെ അവനിലെ ഉൽക്കർഷേച്ഛയ്ക്കു ശമനം വരുന്നു.ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും ജീവിതം നീക്കുന്നത്.മക്കൾക്കോ മകനോ മെഡിസിന് ഒരു സീറ്റ്,അവർക്കു നല്ലൊരു കല്യാണാലോചന, ചെറിയൊരു സാലറി ഇൻക്രിമെന്റ്റ് ഇതിലൊക്കെയും  ഒതുങ്ങുന്നു ഒരു സാധാരണക്കാരന്റെ ജീവിതാഭിലാഷങ്ങൾ... 
എന്നാൽ,ഒരു സെലിബ്രിറ്റിയുടെ  അഥവാ അഘോഷ വ്യക്തിത്വത്തിന്റെ കാര്യം വരുമ്പോൾ ഈ മനോനില മാറുന്നു. സ്വയവും സമൂഹത്തിലെ ഇതര ജന്മ്മങ്ങളും ആഘോഷിച്ചു തിമിർക്കേണ്ടതാണ് അയാളുടെ ജീവിതം!പ്രശസ്തിയുടെഫ്ലഡ് ലൈറ്റിൽ നിൽക്കുന്നഏതൊരുവ്യക്തിയും സെലിബ്രിറ്റിതന്നെയാണ്.രാഷ്ട്രീയക്കാരൻ, 
സാഹിത്യകാരൻ,സിനിമാനടൻ,ഗായകൻ,സ്പോർട്സ് താരം ഇങ്ങിനെ ആർക്കും സെലിബ്രിറ്റയാകാം.നമ്മുടെ കാലത്ത് ഒരു അധോലോക നായകൻ പോലും സെലിബ്രിറ്റിയാണ്! 
 എന്നാൽപണ്ടുംഎല്ലാമേഖലകളിലുംസെലിബ്രിറ്റികൾഉണ്ടായിരുന്നു.സിനിമയിൽ,സാഹിത്യത്തിൽ,കലയിൽ,രാഷ്ട്രീയത്തിൽ എല്ലാം സെലിബ്രിറ്റികൾ ഉണ്ടായിരുന്നു. നമ്മുടെ സാഹിത്യത്തിലെ പോയകാല സെലിബ്രിറ്റികളുടെ പേരുകൾ ചങ്ങമ്പുഴ കൃഷ്ണ പിള്ള ,കേസരി ബാലകൃഷ്‌ണ പിള്ള, വള്ളത്തോൾ നാരായണ മേനോൻ,  പി.കുഞ്ഞിരാമൻ നായർ,വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി,ഉറൂബ്,കമലാ സുരയ്യ  എന്നൊക്കെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്.തങ്ങളുടെ സർഗ്ഗാത്മകതയെ കൂടുതൽ ശക്തിപ്പെടുത്താനല്ലാതെ പ്രശസ്തിയോ സമ്പത്തോ വെട്ടിപ്പിടിക്കുവാൻ ഇവരിൽ ആരെങ്കിലും ശ്രമിച്ചിട്ടുള്ളതായി കേട്ടറിവുപോലുമില്ല.സാഹിത്യ അക്കാദമിയിൽ നാമിന്നു കാണുന്ന പഴയൊരു ചിത്രത്തിൽ ഒരൊറ്റമുണ്ടും തോളത്തിട്ടു നിൽക്കുന്ന വള്ളത്തോൾ നാരായണ മേനോനെ കാണാം.കഥകളിയെ ദേശാന്തര തലത്തിൽ എത്തിക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക ജ്വരം!തന്റെ പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റു പോലും ജീവിതായോധനം നടത്തേണ്ടിവന്ന അദ്ദേഹം കേരളത്തിലെ ഒരു കാലത്തെ പ്രധാന സെലിബ്രിറ്റികളിൽ ഒരാളായിരുന്നു! 
പ്രേംനസീർ,സത്യൻ,കെ.പി ഉമ്മർ,ബാബുരാജ്,കോഴിക്കോട് അബ്ദുൾ ഖാദർ,കൊട്ടാരക്കര ശ്രീധരൻ നായർ,ശാരദ,ഷീല എന്നിങ്ങനെ നീളുന്നതാണ് പോയകാല മലയാള സിനിമയിലെ സെലിബ്രിറ്റികളുടെ നിര.തങ്ങളുടെ അഭിനയ ചാതുരിയാൽ   പ്രേക്ഷകരെ നാൾക്കുനാൾ സന്തോഷിപ്പിക്കണമെന്നതായിരുന്നു അവരുടെ ജീവിതത്തിന്റെ പ്രചോദനവും പ്രലോഭനവും .അഭിനയം അവർക്കു കലയായിരുന്നു. പ്രശസ്തിയും പ്രതിഫലവും അതിന്റെ ഉപോല്പന്നങ്ങളും.പ്രേംനസീറിനെപ്പോലുള്ള സിനിമാതാരങ്ങൾ തങ്ങളുടെ സമഭാവനയാർന്ന പെരുമാറ്റത്താലും സാമൂഹിക പ്രതിബദ്ധതയാലും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതരായി.(അതിന്റെ ഉപകാരസ്മരണയാലാണല്ലോ നാമദ്ദേഹത്തിനു ജൻമദേശത്തു  പോലും ഉചിതമായ ഒരു സ്മാരകം നിർമ്മിക്കാത്തത്‌ !) 
പോയകാല സിനിമാ സെലിബ്രിറ്റികൾക്കു ചാരിറ്റി എന്നത് മനസ്സിലെ കറ മായ്ക്കാനോ, നികുതി വെട്ടിയ്ക്കാനോ ഉള്ള ഉപായമായിരുന്നില്ല.തങ്ങളെ വളർത്തി വലുതാക്കിയ പ്രേക്ഷകരോടുള്ള അവരുടെ സ്നേഹാദരങ്ങളായിരുന്നു. 
സിനിമയുടെ അവസാന വാക്ക് അന്ന് നിർമ്മാതാവോ സംവിധായകനോ ആയിരുന്നു.അക്കാലത്ത് താരങ്ങൾ പരസ്‌പരം  കുതികാൽ വെട്ടുകയോ ഏകഛത്രാധിപന്മാരായി വാഴുകയോ ചെയ്തില്ല .എന്നാൽ സിനിമയിലേക്കൊഴുകിയ കള്ളപ്പണം കലാപാരതയെയും കടത്തിവെട്ടി അവിടെ ഉപഭോഗ ജ്വരത്തിന്റ്റെ     അശ്ലീല ഫ്രയിമുകൾ തീർത്തു.അഭിനയത്തിന്റെ പുകമറയ്ക്കുള്ളിൽ പലതിന്റെയും ദല്ലാളന്മാർ പുളച്ചു തിമിർത്തു.സിനിമയ്ക്കൊപ്പം  താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളിലും അവരുടെ സാമ്പത്തികോത്സവങ്ങളിലും ജനവും മാധ്യമങ്ങളും വാർത്ത ആസ്വദിച്ചു.കലയുടെ കരുത്തുറ്റ അടിത്തറയിൽ ചവുട്ടിനിന്ന സിനിമാവ്യവസായം നിർമാതാക്കളെ തുറുപ്പുശീട്ടാക്കികൊണ്ട് താരാധിഷ്ഠിത വ്യവസായമായി മാറി.സമ്പത്തിലൂന്നികൊണ്ടുള്ള 'പ്രതിച്ഛായാ ജ്വരം' തന്നെ ഇതിന്റെയും പ്രേരക ശക്തി. 
നൈതികതയില്ലാത്ത വ്യവസായങ്ങളിലെല്ലാം'പണി'യും അതും കടന്നുള്ള 'ക്വട്ടേഷ'നും കടന്നുവരുന്നതാണ് പുതിയ കാലത്തിന്റെ സാമ്പത്തിക ശാസ്ത്രം.മലയാള സിനിമയിൽ 'അഭിനയം' പണികൊടുക്കലിലേക്കു വഴിമാറിയപ്പോൾ അതിന്റെ പ്രധാന വക്താവായി ദിലീപ് മാറി.ശരിക്കും,വമ്പൻ സ്രാവുകൾക്കൊപ്പം 'പണികൊടുത്തു' നീന്തുകയായിരുന്ന ഒരു നീരാളിയായിരുന്ന അയാൾ 'ക്വട്ടേഷ'നിലേക്കു കടന്നപ്പോഴാണ്  നിയമത്തിന്റ്റെ ചൂണ്ടയിൽ ഓർക്കാപ്പുറത്തു കുടുങ്ങിപ്പോയത്. 
കൊച്ചിൻ കലാഭവനിലെ ഒരു മിമിക്രി ആർട്ടിസ്റ്റായിരുന്ന ഗോപാലകൃഷ്ണൻ എന്ന ദിലീപ്  കഴിവും ഭാഗ്യവും കൊണ്ടാണ് സിനിമയിൽ ഉയർന്നു വന്നത്.ലാൽ ജോസ് ,കമൽ, ടി.വി ചന്ദ്രൻ,ജയരാജ്,ഷാഫി മെക്കാർട്ടിൻ,വിനയൻ,സുന്ദർ ദാസ്എന്നീ സംവിധായകർ ദിലീപിലെ അഭിനയ പ്രതിഭയെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.മലയാള സിനിമയിൽ അങ്ങിനെ അനന്യ വൈവിധ്യമാർന്ന  അഭിനയത്തികവിലൂന്നിയ ഒരു പുത്തൻ താരോദയം സംഭവിക്കുകയായിരുന്നു...കാലാന്തരത്തിൽ, 'പ്രതിച്ഛായാജ്വരം' ബാധിച്ച ദിലീപ് എന്ന താരത്തിന്  മിന്നുംതാരങ്ങൾക്കൊപ്പം ജീവിതത്തിൽ 
മിന്നിത്തിളങ്ങിത്തന്നെ  നിൽക്കണമെങ്കിൽ സാമ്പത്തിക സാമ്രാജ്യം വിപുലമാക്കണമെന്ന ധാരണയോ തെറ്റിദ്ധാരണയോ ഉണ്ടായി.പണവും ലൈംഗികതയുമെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സിനിമാലോകംതന്നെ ഒടുവിൽ  ആ നായകനെ 'പ്രതിനായക'നാക്കി. 
പണം കൊണ്ട് എല്ലാം നേടാമെന്ന തെറ്റിദ്ധാരണയിന്മേലാണ് ആഘോഷ വ്യക്തിത്വങ്ങൾ തങ്ങളുടെ സാമ്രാജ്യങ്ങൾ   കെട്ടിപ്പടുക്കുന്നത്.എന്നാൽ  പണത്തിന്റ്റെ പ്രഹേളികാ സ്വഭാവം തിരിച്ചറിയാതെ പോകുന്നതാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ ദുര്യോഗം. പണത്തിൽ ദൈവികതയുടെയോ നിമിത്തത്തിന്റ്റെയോ ഒരംശം ഉൾച്ചേർന്നിരിക്കുന്നുവെന്നതാണത്.ആവശ്യത്തിന് ഉപകരിച്ചില്ലെങ്കിൽ പണമെന്നത് വെറും തൃണമാണ്.ദിലീപിന്റ്റെ പതനകഥയാണ് സമകാലിക കേരളത്തിൽ ഇതിന്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.കോടികൾ ആസ്തിയുള്ള ദിലീപിന് ജയിലിൽ കൊതുകുകടി കൊള്ളാതെ ഉറങ്ങാൻ കൊതുകുതിരി വാങ്ങാനും മറ്റുമായി ഇരുന്നൂറു രുപ ലഭിക്കുവാൻ  ജയിൽ അധികൃതരുടെ അനുമതിക്ക് യാചിക്കേണ്ടി വന്നു! 
താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അയാളുടെ യഥാർത്ഥ വ്യക്തിത്വത്തിന്റ്റെ ബഹിർസ്ഫുരണമാണെന്നതാണ് ആരാധകരുടെ ഏറ്റവും വലിയ തെറ്റിധാരണ.എഴുത്തിലെ നന്മ എഴുത്തുകാരന്റ്റേതാണെന്നും രാഷ്ട്രീയക്കാരന്റ്റെ പ്രഘോഷണങ്ങൾ അയാൾ സ്വജീവിതത്തിൽ അനുഷ്ഠിക്കുന്നതാണെന്നും വായനക്കാരനും ജനവും തെറ്റിദ്ധരിക്കുന്നതിനു സമാനമാണിത്.ആരാധകരാണ് തങ്ങളെ ഭൗതികമായിപ്പോലും വളർത്തി വലുതാക്കിയതെന്നു പല സെലിബ്രിറ്റികളും തിരിച്ചറിയാതെ പോകുന്നു. 
ഭൂസ്വത്തും ആഡംബരങ്ങളും  വിശാല ലൈംഗിക സാധ്യതകളുമാണ് സെലിബ്രിറ്റിയുടെ  കിരീടത്തിലെ പൊൻതൂവലുകൾ. അയാളുടെ   ഈ സൗഭാഗ്യങ്ങൾ  തെല്ലൊരു അസൂയയയോടെ ചർച്ചചെയ്താണ് പല  ആരാധകരും  വിശ്രമവേളകൾ ധന്യമാക്കുന്നത്. 
ജനത്തിന്റെ പണം കൊണ്ട് തിന്നു കൊഴുത്ത കച്ചവട സിനിമാലോകം മറ്റൊരു മാഫിയ ആയതിനു കാലം നൽകിയ തിരിച്ചടിയാണ് ദിലീപിന്റെ അറസ്റ്റിലും തുടർ നടപടികളിലും കലാശിച്ചിരിക്കുന്നത്. കച്ചവട സിനിമയുടെയും താരാധിപത്യത്തിന്റെയും നല്ലൊരു  പ്ലാറ്റ്‌ഫോമായ മിനിസ്ക്രീനിലെ ന്യൂസ് റൂമുകൾ തന്നെ ഈ കൂറ്റാന്വേഷണ കഥയുടെ ഏറ്റവും വലിയ പ്രചാരകരായത് കാലികമായ വലിയൊരു ഫലിതോക്തിയും!