Saturday, November 25, 2017
Reg:No 91291/Kermal/2004/18734

നിര്‍ബന്ധിച്ച് ശിരോവസ്ത്രം ഊരിയ കേസില്‍ മുസ്ലീം യുവതിക്ക് നഷ്ടപരിഹാരം വിധിച്ചത് 85,000 ഡോളര്‍

നിര്‍ബന്ധിച്ച് ശിരോവസ്ത്രം ഊരിയ കേസില്‍ മുസ്ലീം  യുവതിക്ക് നഷ്ടപരിഹാരം വിധിച്ചത് 85,000 ഡോളര്‍

ലോംഗ് ബീച്ച്: പോലീസ് കസ്റ്റഡിയില്‍ നിര്‍ബ്ബന്ധിച്ച് ശിരോവസ്ത്രം ഊരിയ കേസില്‍ മുസ്‌ളീം യുവതി നല്‍കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരം വിധിച്ചത് 85,000 ഡോളര്‍. കിര്‍സ്റ്റി പവല്‍ എന്ന സ്ത്രീയ്ക്ക് അനുകൂലമായിട്ടായിരുന്നു വിധി. 2015 ല്‍ ഭര്‍ത്താവിനൊപ്പം കാറോടിച്ച് പോകുമ്പോള്‍ ഇവരെ പോലീസ് ഓഫീസര്‍മാര്‍ തടയുകയും അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ ഇവരുടെ ഹിജാബ് നിര്‍ബ്ബന്ധിപ്പിച്ച് അഴിപ്പിച്ച ശേഷം ഒരു രാത്രിമുഴുവന്‍ കഴിയാന്‍ നിര്‍ബ്ബന്ധിതയാക്കുകയും ചെയ്തു.
 
കസ്റ്റഡിയില്‍ വെച്ച് നടന്ന അനീതിക്കെതിരേ ഇവര്‍ 2016 ല്‍ നല്‍കിയ പരാതിയിലാണ് തീര്‍പ്പായിരിക്കുന്നത്. ലോംഗ് ബീച്ച് നഗരസഭ വേണം ഈ തുക നല്‍കാന്‍. പോലീസിന്റെ നടപടിയില്‍ ഒരു രാത്രി മുഴുവന്‍ തനിക്ക് കടുത്ത മാനസീക പീഡനങ്ങളും അപമാനവും സഹിക്കേണ്ടി വന്നതായും തന്റെ സത്യനിഷ്ഠയും മതപരമായ വിശ്വാസങ്ങളും ഒരുപോലെ അപമാനിക്കപ്പെടുന്ന അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാകുന്നത്. ഒരു കട മോഷണവുമായി ബന്ധപ്പെട്ട് പവലിന്റെ പേരില്‍ വാറന്റുമായി വന്നാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
പവലിന്റെ ഭര്‍ത്താവ് വനിതാപോലീസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലൂം അങ്ങിനെ ചെയ്യാതെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും  കസ്റ്റഡിയില്‍ വെച്ച് ശരിയായ ഫോട്ടോയെടുക്കാന്‍ ശിരോവസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു രാത്രി മുഴുവനും പവലിന് ഹിജാബ് ഇല്ലാതെ കഴിയേണ്ടി വന്നു. പിന്നീട് ഭര്‍ത്താവ് ബോണ്ട് കെട്ടിവെച്ച ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും യുവതി പറഞ്ഞു.
 
മതപരമായ ആചാരം ലംഘിച്ച് ഹിജാബ് ഇല്ലാതെ പൊതുജന മദ്ധ്യത്തില്‍ നില്‍ക്കേണ്ടി വന്നത് കടുത്ത അപമാനത്തിനും മതപരമായുള്ള അസൗകര്യങ്ങള്‍ക്കും ശക്തമായ മാനസീക ബുദ്ധിമുട്ടിനും കാരണമായതായും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പവലിന്റെ നീക്കത്തിന് അമേരിക്കന്‍ മുസ്‌ളീങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് കിട്ടിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വരുന്ന അവസാന മുസ്‌ളീം വനിതയാകണം പവലെന്ന് അമേരിക്കന്‍ ഇസ്‌ളാമിക് റിലേഷന്‍ വ്യക്തമാക്കി.