Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ഓക്സിജൻ വിതരണം നിലച്ചു; ഉത്തര്‍പ്രദേശില്‍ 30 കുട്ടികൾ മരിച്ചു

ഓക്സിജൻ വിതരണം നിലച്ചു; ഉത്തര്‍പ്രദേശില്‍ 30 കുട്ടികൾ മരിച്ചു

ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്‌പുര്‍ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെത്തുടർന്നു  നവജാത ശിശുക്കളടക്കം 30 കുട്ടികൾ മരിച്ചു. ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍കോളേജ് ആശുപത്രിയിലാണു ദാരുണ സംഭവമുണ്ടായത്. 17 കുട്ടികൾ നവജാതശിശു വാർഡിലും അഞ്ചു പേർ മസ്തിഷ്കവീക്കം ബാധിച്ച രോഗികളുടെ വാർഡിലും എട്ടു പേർ ജനറൽ വാർഡിലുമാണു മരിച്ചത്. 
 
മസ്തിഷ്കവീക്കം ബാധിച്ച കുട്ടികളാണു മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി 20 കുട്ടികൾ മരിച്ചിരുന്നു. തുടർന്ന് അധികൃതർ ഓക്സിജൻ ലഭ്യത ഉറപ്പാക്കി. എന്നാൽ, വീണ്ടും ഓക്സിജൻ വിതരണം നിലച്ചതാണു 10 പേർകൂടി മരിക്കാൻ ഇടയാക്കിയത്. രണ്ടു ദിവസം മുന്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. യുപിയിലെ കുട്ടികളിലെ മസ്തിഷ്കവീക്കം തടയാനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
 
വ്യാഴാഴ്ച രാത്രിയാണു കന്പനി ഓക്സിജൻ നല്കുന്നതു നിർത്തിവച്ചത്. 66 ലക്ഷം രൂപ കുടിശികയുണ്ടെന്നതിന്‍റെ പേരിലായിരുന്നു കന്പനിയുടെ നടപടി. ഓക്സിജൻ വിതരണം നിർത്തിവയ്ക്കുമെന്നു കന്പനി അറിയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. മസ്തിഷ്കവീക്കം ചികിത്സയ്ക്കു പേരുകേട്ടതാണു ബിആർഡി ആശുപത്രി.
 
എന്നാൽ, ഓക്സിജന്‍റെ അഭാവം മൂലമല്ല കുട്ടികൾ മരണമടഞ്ഞതെന്നും ഡോക്ടർമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു. കുട്ടികളുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണ സമിതി രൂപവത്കരിച്ചു. സമിതിയോട് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകും-റൗട്ടേല പറഞ്ഞു.