Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

കമലഹാസനും രജനീകാന്തും ഒരേ വേദിയില്‍; താരങ്ങളുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.

കമലഹാസനും രജനീകാന്തും ഒരേ വേദിയില്‍;  താരങ്ങളുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.

ചെന്നൈ: താരങ്ങളുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍  കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസനും രജനീകാന്തും ഒരേ വേദിയില്‍ ഒന്നിച്ചെത്തി. ഡിഎംകെ മുഖപത്രം മുരശൊലിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. 
ജയലളിതയുടെ അഭാവത്തില്‍ സിനിമയില്‍ നിന്നുള്ള  പുതിയ നേതാവിനെ പ്രതീക്ഷിച്ചിരിക്കുകയാണ്  തമിഴ് ജനത. സിനിമയും രാഷ്ട്രീയവും കൂടി കുഴഞ്ഞു  കിടക്കുന്ന തമിഴ് രാഷ്ട്രീയത്തിലെ  താരമുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിനുത്തരം രജനീകാന്തില്‍ നിന്നാണോ കമല്‍ഹാസനില്‍ നിന്നാണോ കിട്ടുന്നത് എന്നാണ് തമിഴ് രാഷ്രീയം ഉറ്റു നോക്കുന്നത്.   
എഡിഎംകെ മന്ത്രിമാരെ  രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് കമല്‍ ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുത്തത്.  അഴിമതിക്കാരായ എഡിഎംകെ മന്ത്രിമാര്‍ക്കെതിരേ  പരാതി നല്‍കുന്നതിന്  ഓണ്‍ലൈനെ ആശ്രയിക്കാനും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവരോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. കമലിന്‍റെ പ്രസ്താവനക്കെതിരെ എഡിഎംകെ മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് വന്നിരുന്നു. ഇത് കമലഹസ്സന്‍റെ  ഡിഎംകെ പ്രവേശനത്തിന്‍റെ ആദ്യ പടിയാണ് എന്നുള്ള ഊഹാപോഹങ്ങളും പുറത്തു വരുന്നുണ്ട്.
 
സദസിലിരുന്ന രജനിയെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍  വേദിയിലേക്ക് വിളിച്ചു കയറ്റുകയും രജനി കമലിനൊപ്പം വേദി പങ്കിടുകയും ചെയ്തു. ഡിഎംകെ വേദിയില്‍ എത്തിയത് കരുണാനിധിയോടുള്ള അടുപ്പം കൊണ്ടാണ്.   ഡിഎംകെ പ്രവേശമായി  ഇതിനെ കണക്കാക്കേണ്ടതില്ലെന്നുമാണ് രജനിയോടടുത്ത  കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. 
മുന്‍പ് സ്വന്തമായി  പാര്‍ട്ടിയുണ്ടാക്കുന്നതിനേക്കുറിച്ച് സൂചന രജനികാന്ത് നല്‍കിയിരുന്നു. രജനി ബി ജെ പിയില്‍ ചെരുന്നുവെന്നു അഭ്യുങ്ങള്‍ക്കിടയില്‍  കഴിഞ്ഞദിവസം  ബിജെപിയുടെ ദേശീയ  നേതാക്കള്‍ രജനിയെ കാണാനെത്തിയിരുന്നു. ഈ വര്‍ഷം തന്നെ രജനി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്നാണ് വിവരം. രജനി ആള്‍ക്കൂട്ടത്തിന്റെ നേതാവാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മികച്ചതാണെന്നും മരുമകനും നടനുമായ ധനുഷ് പറഞ്ഞതും ഇതിന്‍റെ മുന്നോടിയാണെന്നാണ് തമിഴ് ജനത വിശ്വസിക്കുന്നത്.