Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

'ബ്ലൂ വെയിൽ' നിരോധിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും-മുഖ്യമന്ത്രി

'ബ്ലൂ വെയിൽ' നിരോധിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും-മുഖ്യമന്ത്രി

പാലക്കാട്: 'ബ്ലൂ വെയിൽ' നിരോധിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രാജു എബ്രഹാം എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. കൗമാരക്കാർ ഇത്തരം ഗെയിമുകളിൽ അകപ്പെടുന്നുവെന്നും ഇതിനെതിരെ കേരളം ഇന്ത്യയ്ക്ക് മാതൃകയാകണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു. 
 
ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐടി മിഷന്റെ കീഴിൽ വരുന്ന കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) ആണെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം ഗെയിമുകൾ നിരോധിക്കാൻ കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ രണ്ടായിരത്തോളം പേർ ഈ ഗെയിം ഉപയോഗിക്കുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു. രക്ഷിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. 
 
സംസ്ഥാനത്തു ഗെയിം പ്രചരിക്കുന്നത് ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണു കണ്ടെത്തിയത്. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേർ ഇത്തരത്തിൽ ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. മുംബൈയിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഈ ഓൺലൈൻ കളിയുടെ ഇരയാണെന്ന നിലയ്ക്കാണു പൊലീസ് അന്വേഷണം മുന്നേറുന്നത്.