Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഓണവില്ലും ശ്രീപത്മനാഭസ്വാമിയും

ഓണവില്ലും ശ്രീപത്മനാഭസ്വാമിയും

ഓണാഘോഷങ്ങളിലെ ഒരു സംഗീത ഉപകരണമായാണ് 'ഓണവില്ല്' പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി ഓണവില്ലിന് നേരിട്ടൊരു ബന്ധം ഉണ്ട്.
 
പത്മനാഭസ്വാമിക്ഷേത്ര ശില്പികളുടെ പാരമ്പര്യത്തിൽപ്പെട്ട വിശ്വകർമ്മ കുടുംബം ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പുലർച്ചെ ശ്രീ പത്മനാഭസ്വാമിക്ക് പള്ളിവില്ല് എന്ന ഓണവില്ല് സമർപ്പിക്കുന്നത് ഒരു പ്രധാനപ്പെട്ട ചടങ്ങാണ്. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിനും. കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഈ ചടങ്ങ്. വഞ്ചിയുടെ മാതൃകയില്‍ ഉണ്ടാക്കുന്ന ഓണവില്ലില്‍ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു. തിരുവന്തപുരത്ത് കരമന, മേലാറന്നൂർ, വിളയിൽ വീട്, ഓണവില്ല് കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കി ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിക്കുന്നത്. മഹാവിഷ്ണുവിന്‍റെ സൌമ്യഭാവമുള്ള ദശാവതാര കഥകൾ പഞ്ചവർണങ്ങളിലാണ് ഓണവില്ലില്‍ ചിത്രീകരിക്കുന്നത്.
 
മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് ഭഗവാന്‍റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആവശ്യപ്പെടുന്നു. ഭഗവാന്‍ മാവേലിക്ക് തന്‍റെ വിശ്വരൂ‍പ ദര്‍ശനം നല്‍കുന്നു. അതിനുശേഷം കാലാകാലങ്ങളില്‍ ഭഗവാന്‍ എടുക്കുന്ന അവതാരങ്ങളും ദര്‍ശിക്കാനുള്ള ആഗ്രഹവും മഹാബലി ആവശ്യപ്പെടുന്നു. ആ സമയത്ത് മഹാവിഷ്ണു ദേവശില്പിയായ വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും ദേവന്‍റെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിലുള്ള ഭഗവാന്‍റെ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്യുന്നു. അതിൻപ്രകാരം മഹാബലിക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റാനാണ് പത്മനാഭസ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീ‍ഹ്യം.
 
കടമ്പ്, മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയാണ് പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള ഓണവില്ലുകൾ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്. അനന്തശയനം, ദശാവതാരം, പട്ടാഭിഷേകം, കൃഷ്ണലീല, ശാസ്താവ്, വിനായകൻ എന്നീ ആറു ജോഡി (പന്ത്രെണ്ടെണ്ണം) വില്ലുകളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവും നോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.
 
41 ദിവസത്തെ വ്രതമാണ് ഓണവില്ല് നിർമ്മാണത്തിന് വേണ്ടത്. വില്ലുകൾ ഉത്രാടനാളില്‍ കുടുംബക്ഷേത്രത്തിൽ വച്ച് പൂജിച്ചശേഷം തിരുവോണനാളില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ വലുത് രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ വിഗ്രഹത്തിന്‍റെ ഉദരഭാഗത്ത് ഇരുവശങ്ങളിലായി ചാർത്തുന്നു. ദശാവതാരവില്ല് നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും, പട്ടാഭിഷേകവില്ല് ശ്രീരാമ വിഗ്രഹത്തിലും, ശാസ്താവ്, ശ്രീ കൃഷ്ണൻ, വിനായകൻ എന്നീ വില്ലുകൾ അതാത് വിഗ്രഹങ്ങളിലും ചാർത്തുന്നു.
 
തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിലും ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം.