Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഓണക്കാലത്തെ അനുഷ്ഠാന കലകള്‍ 

ഓണക്കാലത്തെ അനുഷ്ഠാന കലകള്‍ 

ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനപ്പെട്ടവയാണ് ഓണത്തെയ്യം, വേലന്‍ തുള്ളല്‍, ഓണേശ്വരന്‍, ഓണവില്ല്. ഇവയെല്ലാം നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളും  നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌.
 
ഓണത്തെയ്യം
 
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള ഒരു അനുഷ്ഠാന തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലാണ് ഓണത്തെയ്യം ഒരുങ്ങുന്നത്. ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്നും പറയുന്നു.  വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി ഓണത്തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്തെയ്യം പാട്ടിന്റെ ഉള്ളടക്കം. കേരളത്തില്‍ കണ്ണൂർ ജില്ലയിലാണ് ഓണത്തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.
 
വേലൻ തുള്ളൽ
 
വേലൻ തുള്ളൽ അഥവാ ഓണം തുള്ളൽ എന്നറിയപ്പെടുന്ന ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്  അവതരിപ്പിക്കാറുള്ളത്. ഓണക്കാലത്തു മാത്രമാണ്‌ വേലൻ തുള്ളൽ നടത്താറുള്ളത്. ചിങ്ങമാസത്തിലെ ഉത്രാടം നാളിലാണ്‌ ആദ്യം കളി തുടങ്ങുന്നത്. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌ ആദ്യകളി നടത്തുന്നത്. തുടര്‍ന്ന് കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ്‌ വേലൻ തുള്ളൽ സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
 
വേലൻ തുള്ളലില്‍ ആദ്യം ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ചുകൊണ്ടുള്ള പാട്ടാണ്. അതിനുശേഷം  മാവേലിയുടെ വരവിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടുന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തും. നാടിനും നാട്ടാർക്കും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ടുപ്രമാണിമാര്‍ വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ടുന്ന വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.
 
ഓണേശ്വരന്‍  
 
ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ ഒന്നാണ് ഓണേശ്വരന്‍. ഓണത്തെയ്യത്തില്‍ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. സംസാരിക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും ആചരിച്ചു വരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ ഓണേശ്വരന്‍ വേഷം കെട്ടാനുള്ള അവകാശം. ചിങ്ങമാസത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും, കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണേശ്വരന്‍റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കാറില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ഓണേശ്വരന് ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.
 
ഓണവില്ല്
 
ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഓണക്കാല വിനോദങ്ങളിലെ ഒരു സംഗീത ഉപകരണമാണ് ഓണവില്ല്. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന അന്യം നിന്നുപോയ ഒന്നാണിത്.  ഓണക്കാലത്ത് മാത്രമാണ് വില്ലു കൊട്ടുക. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഇതിന്‍റെ ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. ഇത് വശമുള്ളവര്‍ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന വയലിൻ പോലെയുള്ള ഒരു സംഗീത ഉപകരണമാണിത്.
 
പണ്ടൊക്കെ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാകാറില്ലെന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ. അതിനാല്‍  അഭ്യസിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു വാദ്യോപകരണമാണ്‌ ഓണവില്ല്.