Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഓണത്തല്ല്

ഓണത്തല്ല്

ഓണക്കാലത്തെ ഏറ്റവും പഴക്കമേറിയ വിനോദങ്ങളിൽ ഒന്നാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ ചെയ്യാന്‍ പാടില്ല. ഈ വ്യവസ്ഥ തെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി ഉണ്ടാകും. 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ല് നടക്കുന്നത്. ഇതിന്‌ ആട്ടക്കളം എന്നും പറയും. കളത്തിനു പുറത്ത് രണ്ടു ചേരിക്കാര്‍ തല്ലില്‍ പങ്കെടുക്കാന്‍ ഉണ്ടാകും. തല്ല് തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.
 
കളത്തിനു പുറത്ത് നില്‍ക്കുന്ന രണ്ടു ചേരിക്കാരില്‍ ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുടര്‍ന്ന് തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നാര്‍പ്പ് വിളിച്ച് നിലം വിട്ടുയർന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത്‌ മുകളിലേക്കുയർത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമവും ഉണ്ട്.
 
എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പറയുന്നുണ്ട്. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരും വരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങുകയും ഓണത്തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉണ്ടായി. തൃശൂരിനടുത്ത്‌ കുന്നംകുളത്ത് ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയിരുന്നു.