Sunday, February 25, 2018
Reg:No 91291/Kermal/2004/18734

മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്ത്‌ മുൻ ജില്ലാ കളക്ടര്‍ നിയമാനുസൃതമാക്കി

മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്ത്‌ മുൻ  ജില്ലാ കളക്ടര്‍  നിയമാനുസൃതമാക്കി

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിലം നികത്തലിനു മുഖ്യ മന്ത്രി പിണറായി വിജയൻ ക്‌ളീൻ ചിറ്റ് നൽകിയെങ്കിലും സിപിമ്മിൽ നീറി പുകയുകയാണ്.വി എസ് അച്യുതാനന്ദൻ അന്വഷണം ആവശ്യപ്പെട്ടത് ഇതിനൊരു തെളിവാണ്.എൻ സി പിയിലും തോമസ് ചാണ്ടിക്ക് പിന്തുണ നഷ്ടപ്പെട്ടു.പാർട്ടിയിലെ പ്രബല വിഭാഗം തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലാണ്.ചാണ്ടി നിയമം ലംഘിച്ചു നിലം നികത്തിയത് അന്വഷിച്ചു ക്രിമിനൽ കേസ് എടുക്കണമെന്ന അഭിപ്രായക്കാരാണ് ഏറെയും.അതെസമയം മന്ത്രി തോമസ് ചാണ്ടി കോടികള്‍ മുടക്കി പണിത റിസോര്‍ട്ടിലേക്ക് പുന്നമടക്കായല്‍ വഴി മാത്രമായിരുന്നു അഞ്ച് വര്‍ഷം മുമ്പ് വരെ പ്രവേശനം. റോഡ് മാര്‍ഗ്ഗം റിസോര്‍ട്ടിലെത്തിലെത്തുക എന്ന ലക്ഷ്യമായിരുന്നു മന്ത്രി തോമസ് ചാണ്ടിക്ക്. ഒടുവില്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയും ഉദ്യോഗസ്ഥരെ സ്വന്തം കൈപ്പിടിയില്‍ നിര്‍ത്തിയും കൃഷി ചെയ്യുന്ന വയല്‍നികത്തി തോമസ് ചാണ്ടി അത് നേടിയെടുത്തു.   ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള പ്രധാനവഴിയിലും പാര്‍ക്കിംഗ് സ്ഥലത്തും അനധികൃത നിലം നികത്തെന്ന് കണ്ടെത്തിയിട്ടും അന്നത്തെ ജില്ലാ കളക്ടര്‍ എല്ലാം നിയമാനുസൃതമാക്കിക്കൊടുത്തു. നികത്തല്‍ നടക്കുമ്പോള്‍ സ്ഥലം സന്ദര്‍ശിച്ച ആര്‍ഡിഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും അനധികൃത നികത്ത് കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് തോമസ് ചാണ്ടിക്ക് വേണ്ടി അട്ടിമറിച്ചു.
 റിസോര്‍ട്ട് കമ്പനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത ആര്‍ഡിഒ യുടെ റിപ്പോര്‍ട്ട് കളക്ടര്‍ മാസങ്ങള്‍ പൂഴ്ത്തി വെച്ചു. വില്ലേജോഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ കൊണ്ട് ഒന്നരവര്‍ഷം പണി തടസ്സപ്പെട്ടു വെങ്കിലും നെല്‍കൃഷി ചെയ്യുന്ന പാടത്ത് പിന്നീട് അനധികൃത നികത്തലിന്‍റെ ഘോഷയാത്രയായിരുന്നു.
ഏഴുവര്‍ഷം മുമ്പാണ് കൃഷി ചെയ്യുന്ന പാടശേഖരം നികത്തി എംപി ഫണ്ട് ഉപയോഗിച്ച് മന്ത്രി തോമസ് ചാണ്ടി ലേക് പാലസിന് മുന്നിലൂടെയുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. റോഡിന്‍റെ പ്രാഥമിക നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ  പ്രധാന ഗേറ്റിനുമുന്നിലും വെള്ളം ഒഴുകിപ്പോകുന്ന ചാലിനോട് ചേര്‍ന്നും  അനധികൃത നിലം നികത്ത് തുടങ്ങുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ നികത്ത് തടഞ്ഞു.
 അനധികൃത നിലം നികത്ത് തടഞ്ഞ പ്രദേശവാസികള്‍ വില്ലേജ് ഓഫീസിലും ആര്‍ഡിഒയ്ക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. പിന്നാലെയെത്തിയ വില്ലേജോഫീസര്‍ 2012 ഒക്ടോബറില്‍ മൂന്നിടങ്ങളിലായി അനധികൃത നിലം നികത്തലാണെന്ന് കാണിച്ച് റിപ്പോര്‍ട്ടും പ്രവൃത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി.  ആര്‍‍ഡിഒ നടത്തിയ അന്വേഷണത്തിലും കടുത്ത നിയമലംഘനം തന്നെയാണെന്ന് കണ്ടെത്തി.  മൂന്ന് അനധികൃത നികത്തലുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സെകെച്ചില്‍ പ്രത്യേകം എഴുതിവച്ചു. ചുരുക്കത്തില്‍ അന്ന് സ്ഥലം സന്ദര്‍ശിച്ച വില്ലേജോഫീസറും അഡീഷണല്‍ തഹസില്‍ദാറും ആര്‍ഡിഒയും തയ്യാറാക്കിയത് ഒരേ റിപ്പോര്‍ട്ട്. അനധികൃത നികത്തുണ്ടെന്നും നടപടി വേണമെന്നും. നടപടിയാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് അന്നത്തെ ജില്ലാ കളക്ടര്‍ക്ക് കൈമാറി. 
മാസങ്ങളോളം ആ റിപ്പോര്‍ട്ട് അനങ്ങിയില്ല. നടപടിയുണ്ടായില്ല. പരാതിക്കാരനും ഇന്നത്തെ ആലപ്പുഴ നഗരസഭയിലെ തിരുമല വാര്‍ഡിലെ കൗണ്‍സിലറുമായ  ജയപ്രസാദ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ നടപടിയില്ലാതായപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ഡിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു.  
പക്ഷേ ചെയ്തത് മറ്റൊന്നായിരുന്നു. നേരത്തെ നിയമലംഘനവും അനധികൃത നികത്തും കണ്ടെത്തിയ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ അപ്പോഴേക്കും പുതുതായി എത്തിയ ആര്‍ഡിഒ യെക്കൊണ്ട് 2014 സെപ്തംബര്‍ മാസം മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കിച്ചു . പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കളക്ടറോട് ഹൈക്കോടതി ഒരിടത്തും പറഞ്ഞിരുന്നില്ല. പക്ഷേ എന്നിട്ടും തോമസ് ചാണ്ടിക്ക് വേണ്ടി അദ്ദേഹമത് ചെയ്തു. പ്രധാന നികത്തൊന്നും നികത്തല്ലെന്നും പണി തുടരാമെന്നും പറഞ്ഞ് ജില്ലാ കളക്ടര്‍ എല്ലാംനിയമാനുസൃതമാക്കിക്കൊടുത്തു. 
 പാര്‍ക്കിംഗിന് വേണ്ടി നികത്തിയത് കര്‍ഷകര്‍ക്ക് വളം കൊണ്ടുപോകുന്നതിനും കര്‍ഷകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുമാണെന്ന്ആണ്  മുന്‍ ജില്ലാ കളക്ടറുടെ  കണ്ടെത്തല്‍ . എന്നാല്‍ ഈ മുൻ  ജില്ലാ കളക്ടര്‍ ഇപ്പോള്‍ ഈ സ്ഥലം വന്നു  കാണണം. ഈ പ്രദേശത്ത് കാണുന്ന ആഡംബര വാഹനങ്ങള്‍ ഏത് കര്‍ഷകത്തൊഴിലാളിയുടേതാണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.  കമ്പിവല കൊണ്ട് സംരക്ഷിച്ച് കൂറ്റന്‍ ഗേറ്റും സ്ഥാപിച്ച് സെക്യൂരിറ്റിയെയും ഇരുത്തിയിരിക്കുന്നു.പണത്തിന്റെ മീതെ പരുന്തും പറക്കില്ലെന്നു പറയുന്നത് എത്ര അർത്ഥവത്താണ്.