Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ദിലീപിനെതിരെ 223 തെളിവുകള്‍, 169 രേഖകള്‍, 15 രഹസ്യമൊഴികള്‍; നാളത്തെ വിധി നിര്‍ണ്ണായകം

ദിലീപിനെതിരെ 223 തെളിവുകള്‍, 169 രേഖകള്‍, 15 രഹസ്യമൊഴികള്‍;  നാളത്തെ വിധി നിര്‍ണ്ണായകം

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാന്‍ പ്രതിഭാഗം  അഭിഭാഷകന്‍ ശക്തമായി വാദിച്ചപ്പോള്‍ ദിലീപിനെതിരെ പ്രോസിക്യൂഷനും രംഗത്തെത്തി.
 
ദിലീപിനെതിരെ 223 തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍  കോടതിയെ അറിയിച്ചു. ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും തങ്ങളുടെ പക്കലുണ്ടെന്ന്  പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതില്‍ വ്യക്തമാക്കി. ദിലീപിനെതിരെ സിനിമാമേഖലയില്‍ നിന്ന് തന്നെ ഗൂഢാലോചന ഉണ്ടായെന്നും പള്‍സര്‍ സുനിയാണ് അതിന്‍റെ ആസൂത്രകന്‍ എന്നും പ്രതിഭാഗം വാദിച്ചു. ഇതിനായി ഗൂഢാലോചനക്കാര്‍ രാഷ്ട്രീയക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചു. സുനിയെപ്പോലുള്ള കള്ളന്‍മാര്‍ പറയുന്ന നുണകള്‍ വിശ്വസിച്ച് സിനിമയെപ്പോലും വെല്ലുന്ന തിരക്കഥയാണ് പോലീസ് തയ്യാറാക്കിയതെന്നും സുനി ജയിലില്‍ നിന്നയച്ച കത്തും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചു.
 
ഇരുഭാഗങ്ങളിലെയും വാദം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കോടതി കേട്ടത്. മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കുശേഷമാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്. ദിലീപിന് ഏറെ നിര്‍ണ്ണായക ദിവസമാണ് നാളെ. അടുത്തമാസം രണ്ടാം തിയ്യതിയാണ് ദിലീപിന്‍റെ റിമാന്‍ഡ്‌ കാലാവധി.