Thursday, November 23, 2017
Reg:No 91291/Kermal/2004/18734

അമിത്ഷായുടെ പദയാത്ര കണ്ണൂരില്‍

അമിത്ഷായുടെ പദയാത്ര കണ്ണൂരില്‍

കണ്ണൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ പദയാത്ര കണ്ണൂരില്‍. കേരളത്തിൽ സി.പി.എം പാർട്ടി ഗ്രാമങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിലെ പദയാത്രയ്ക്ക് മുന്നോടിയായി കണ്ണൂരിൽ പദയാത്ര സംഘടിപ്പിക്കുന്നത്.  അടുത്തമാസം ഏഴിന് അമിത് ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്ര പയ്യന്നൂരിൽ നിന്നും ആരംഭിക്കും. പദയാത്രയിൽ അമിത് ഷാ പയ്യന്നൂർ മുതൽ പിലാത്തറ വരെ പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസം അദ്ദേഹം ജില്ലയിൽ യാത്രയോടൊപ്പം ഉണ്ടാകും. ഒപ്പം ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. ഇവരുടെയൊക്കെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ കേരള പോലീസിന് വലിയ തലവേദനയാകും. കേന്ദ്രം അമിത് ഷായുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 
 
കണ്ണൂരില്‍ സി.പി.എം പാർട്ടി ഗ്രാമങ്ങളായ പയ്യന്നൂർ, കല്യാശേരി, പിണറായി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ബി.ജെ.പിയുടെ പദയാത്ര നടന്നുപോകുന്നത്. ദേശീയ അദ്ധ്യക്ഷനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ പിണറായിയിൽ എത്തിക്കാനുള്ള ശ്രമവും സംസ്ഥാന ബി.ജെ.പി നേതൃത്വം നടത്തി. ഇക്കാര്യവും നേതാക്കൾ ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാംദിവസമാണ് മുഖ്യമന്ത്രിയുടെ നാട്ടിലൂടെ യാത്ര കടന്നുപോകുന്നത്. സെപ്തംബർ ഒമ്പതിന് രാവിലെ മമ്പറത്ത് നിന്ന് യാത്ര ആരംഭിച്ച് തലശേരിയിൽ സമാപിക്കും. സമാപന പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും.
 
യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ബി.ജെ.പിയുടെ യാത്ര 23ന് തിരുവന്തപുരത്താണ് സമാപിക്കുന്നത്. സമാപനത്തിലും മറ്റു ജില്ലകളിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് 11, 12, 13 തീയതികളിൽ ബി.ജെ.പിയുടെ യാത്ര ഒഴിവാക്കിയിട്ടുണ്ട്.