Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

മനസ്സുയര്‍ത്തും അകത്തളം. . .

മനസ്സുയര്‍ത്തും അകത്തളം. . .

വീടിന്‍റെ പുറം പോലെ തന്നെ കമനീയമാകണം അകവും. അകനാനൂരും പുറനാനൂരും എന്ന് കേട്ടിട്ടില്ലേ? വീടിന്‍റെ പുറംഭാഗം അലങ്കാര സസ്യങ്ങളാലും മറ്റും സുന്ദരമാക്കാം. എന്നാല്‍ അകം കമനീയമാക്കാന്‍ കൂടുതല്‍ ജാഗ്രത വേണം. വീടിനകം വെറുതെയങ്ങ് മോടിപിടിപ്പിച്ചാല്‍ പോരാ. നാം നിത്യവും പെരുമാറുന്ന ഇടമായതിനാല്‍ നമ്മുടെ പല സൗകര്യങ്ങളുംകൂടി മനസ്സിരുത്തി വേണം അത് നിര്‍വ്വഹിക്കുവാന്‍. ഇന്റീരിയര്‍ ഡിസൈനിംഗ് അഥവാ അകത്തള രൂപ നിര്‍മ്മിതി ശാസ്ത്രത്തില്‍ സൗന്ദര്യ സങ്കല്പങ്ങളും ഉപയോഗക്ഷമതയും സമഞ്ജ്സമായി സമ്മേളിക്കുന്നുവെന്നു പറയുവാന്‍ കാരണമാതാണ്.  മികച്ചൊരു ഇന്റീരിയര്‍ ഡിസൈനര്‍ സൗന്ദര്യത്തിന്റെയും ഉപയോഗക്ഷമതയുടെയും കാര്യത്തില്‍ തുല്യ ജാഗ്രത പാലിക്കുന്നു. ഉപഭോക്താവിന്‍റെ ആവശ്യങ്ങളും അഭിരുചികളും ഒന്നൊന്നായ്  ചോദിച്ചറിയുന്ന അയാള്‍ വീട്ടില്‍ വസിക്കുന്ന വ്യക്തികളുടെ ജീവിതശൈലിക്ക് അനുഗുണമായ രീതിയില്‍ അകത്തള രൂപ കല്പന നിര്‍വഹിക്കുന്നു. 
 
തിരക്കുപിടിച്ച ജീവിത യാത്രയ്ക്കിടയില്‍ നമുക്കൊന്ന് "ഹാവൂ" പറഞ്ഞ് നടുനിവര്‍ത്താനും നടക്കാനും നില്‍ക്കാനും ഉണ്ണാനും, ഉറങ്ങാനും ഒക്കെയുള്ള ഇടമാണ് നമ്മുടെ വീടിന്‍റെ അന്തര്‍ഭാഗം. മനസ്സിനുകൂടി വിശ്രമം വേണമെങ്കില്‍ അവിടെ സൗകര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും കൂടി ഇണങ്ങിച്ചേര്‍ന്നേ മതിയാകൂ. . . 
 
വിലയേറിയ ഫര്‍ണിച്ചറുകളും പെയിന്റിംഗുകളും വാങ്ങി വീട്ടില്‍ വയ്ക്കുന്നതാണ് ഇന്റീരിയര്‍ ഡിസൈനിംഗ് എന്ന് വിശ്വസിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. എന്നാല്‍ ഒരു വീടിനെ താമസക്കാര്‍ക്ക് സൌകര്യപ്രദവും ഊര്‍ജ്ജദായകവുമാക്കുകയാണ് ഇന്റീരിയര്‍ ഡിസൈനറിന്റെ ആത്യന്തിക ലക്‌ഷ്യം. ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുന്നതിനായി അന്തരാത്മാവിനെ തോട്ടുണര്‍ത്തുന്നതാകണം അകത്തളങ്ങള്‍. 
 
ഉപഭോക്താവുമായി ഇഴയടുപ്പമുള്ള ഒരു ബന്ധം സ്ഥാപിക്കുകയാണ് പ്രൊഫഷണലായ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആദ്യമായി ചെയ്യുന്നത്. സ്വപ്നഭവനത്തെക്കുറിച്ച് ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സങ്കല്‍പ്പങ്ങള്‍ ഒന്നൊന്നായ് ഡിസൈനര്‍ തൊട്ടറിയണം. പിന്നീട് സ്വന്തം അനുഭവപരിചയവും സൌന്ദര്യാനുഭൂതികളും അതില്‍ ചാലിച്ച് അകത്തളം എന്ന സ്വപ്നത്തിന് ഒരു കവിത പോലെയോ പെയിന്റിംഗ് പോലെയോ ഡിസൈനര്‍ ജീവന്‍ പകരുന്നു.
 
ഉപഭോക്താവിന്‍റെ സങ്കല്പങ്ങളും സ്വന്തം അനുഭവപാഠങ്ങളും ചിതറിക്കിടക്കുന്നതാണ് ഒരു ഇന്റീരിയര്‍ ഡിസൈനറുടെ പണിപ്പുര. അവിടെ നിന്നും അന്തേവാസികളുടെ ജീവിതം കൂടുതല്‍ ആനന്ദഭരിതമാക്കാനുതകുന്ന ഉരുപ്പടികള്‍ ഓരോന്നായി ചികഞ്ഞെടുത്ത് അകത്തളങ്ങളില്‍ പല ഭാഗങ്ങളിലായി ഇണക്കി ചേര്‍ക്കുന്നു. അകത്തള നിര്‍മ്മിതിയില്‍ ആവേശം കണ്ടെത്തുന്ന ഒരു ഡിസൈനര്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍, മോഡേന്‍, ഇന്റസ്ട്രിയല്‍ എന്നിങ്ങനെ അതിന്‍റെ കൈവഴികളില്‍ ഓരോന്നിലും ഊളിയിട്ടിറങ്ങുന്നു. . .
 
അകത്തളത്തിന്‍റെ രൂപമാതൃക നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍പിന്നെ അതിന്‍റെ ഗുണമേന്മയിലും ഫിനിഷിങ്ങിലും വിട്ടുവീഴ്ചയില്ലാതെ, അതെങ്ങനെ സമയബന്ധിതവും ആദായകരവുമായി ആവിഷ്കരിക്കാമെന്നതാകും ഒരു ഇന്റീരിയര്‍ ഡിസൈനറുടെ ആലോചന.