Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കര്‍ക്കടകത്തിലെ പുണ്യമായ് നാലമ്പല ദര്‍ശനം

കര്‍ക്കടകത്തിലെ പുണ്യമായ് നാലമ്പല ദര്‍ശനം

വ്രതശുദ്ധിയുടെ പുണ്യമാസമാണ് മലയാളിക്കു കർക്കടകം. വീട്ടിലും വെളിയിലും ആചാരാനുഷ്ഠാനങ്ങളുടെ ശംഖധ്വനി  മുഴങ്ങും കാലം. കർക്കടകത്തെ ഭക്തിപാരവശ്യത്തോടെ വരവേൽക്കാൻ ഉത്തര-മധ്യ  കേരളങ്ങൾക്കു വേറിട്ടൊരു ഉത്സാഹം കാണാം. മച്ചിൽ വിളക്കു വെച്ച്, കർക്കടകം മുഴുവൻ ശ്രീഭഗവതിയെ ആവാഹിച്ചിരുത്തുന്ന അവിടുത്തെ ഹിന്ദുക്കൾ ഇക്കാലത്ത് ക്ഷേത്രദർശനത്തിനും പ്രാധാന്യം നൽകുന്നു. 
 
രാമായണ മാസമായ കർക്കടകത്തിലെ പ്രസിദ്ധമായ ഒരു വ്രതാനുഷ്ഠാനമാണ് നാലമ്പല ദർശനം. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം നടത്തുന്ന തീർഥാടനമാണിത്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍കഴിയും വിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ഈ  ക്ഷേത്രങ്ങൾ നാലമ്പലങ്ങള്‍ എന്നാണറിയപ്പെടുന്നത്. 
 
ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നതാണ് നാലമ്പല ദർശനത്തിന്‍റെ രീതി. 
 
തൃപ്രയാര്‍ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. 
 
ദ്വാപരയുഗത്തോളം നീളുന്നതാണ് ഈ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ. ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന നാലു വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണു വിശ്വാസം. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങൾ  കാണാതായെന്നും പിന്നീട് കേരളത്തിലെ ചില മുക്കുവർക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍  വിഗ്രഹങ്ങൾ  അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹം അവ ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 
 
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍പുഴയുടെ തീരത്താണ്  തൃപ്രയാർ ശ്രീരാമക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 
 
തൃശ്ശൂര്-‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യം ഭരതക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 
 
ആലുവ--മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി ആഴ്വാര്‍മാര്‍ പാടി പുകഴ്ത്തിയ ക്ഷേത്രമാണിത്‌. 
 
കൊടുങ്ങല്ലൂര്‍--ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം.