Monday, February 19, 2018
Reg:No 91291/Kermal/2004/18734

പനി ശക്തമാകാതെ സൂക്ഷിക്കണം

പനി ശക്തമാകാതെ സൂക്ഷിക്കണം

മഴക്കാലം പനിക്കാലമായി മാറിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചപനി പ്രതിരോധത്തില്‍ കേരളം പതറിപ്പോകാറുണ്ട്. ഓരോ പനിക്കാലവും കവര്‍ന്നെടുക്കുന്നത് എത്രയെത്ര ജീവനുകളാണ്. എന്തുകൊണ്ടാണ് മഴക്കാലത്ത് മാത്രം പനിക്കാരുടെ എണ്ണം കൂടിവരുന്നത്. 
ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വൈറസ് രോഗാണുക്കളുടെ ജീവിതദൈര്‍ഘ്യം കൂടുകയും മനുഷ്യരുടെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഇതാണ് പകര്‍ച്ചപ്പനിയുടെ പ്രധാന കാരണം. 
 
കുത്തിയൊലിക്കുന്ന മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് രോഗാണുക്കളുടെ ഒരു നിരതന്നെയാണ്. വായു, വെള്ളം, കൊതുക്, ഈച്ച എന്നിവ വഴിയാണ് രോഗാണുക്കള്‍ ശരീരത്തില്‍ കയറിക്കൂടുന്നത്.
വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും വരുത്തുന്ന അലംഭാവം രോഗാണുക്കള്‍ക്ക് രോഗം പരത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നു.
പനി ഒരു രോഗമായി കണക്കാക്കാനാവില്ല. ശരീരത്തിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുമ്പോള്‍ ശരീര ഊഷ്മാവ് സാധാരണയില്‍നിന്നും ഉയരും. അങ്ങനെ പനിയായി പരിണമിക്കുന്നു. പകര്‍ച്ചപ്പനി പകരാതിരിക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം.
 
1. പനിയുള്ള വ്യക്തിയുമായി അടുത്തിടപഴകാതെ സൂക്ഷിക്കുക
 
 
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കണം
 
3. കൊതുകുകള്‍ പെരുകാതിരിക്കാന്‍ പരിസരം ശുചിയായി സൂക്ഷിക്കുക
 
4. വ്യക്തിശുചിത്വം പാലിക്കുക
 
വൈറല്‍പ്പനി
 
വൈറല്‍പ്പനി അപകടകാരിയല്ലെങ്കിലും പ്രായമായവരിലും രോഗപ്രതിരോധശക്തി ക്കുറഞ്ഞവരിലും ആഴത്തില്‍ പിടികൂടിയേക്കാം. അതിനാല്‍ പനിപിടികൂടാതെയുള്ള മുന്‍കരുതലുകളാണ് ഏറ്റവും പ്രധാനം. 
വൈറസിനെതിരെ മരുന്നുകളോ ഫലപ്രദമായ വാക്‌സിനുകളോ ലഭ്യമല്ല. വൈറസുകള്‍ പലതരം ഉണ്ട്. ഒരു വൈറസിന് എതിരെയുള്ള മരുന്ന് മറ്റൊരു വൈറസിനെതിരെ ഫലപ്രദമാകണമെന്നില്ല. പലതരത്തില്‍പ്പെട്ട വൈറസുകള്‍ക്ക് ഒരേ ലക്ഷണങ്ങളുള്ള അസുഖങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. 
 
ഉദാഹരണത്തിന് ജലദോഷപ്പനിതന്നെ പലരിലും പലസമയത്തും പലതരത്തില്‍പ്പെട്ട വൈറസുകള്‍ ഉണ്ടാക്കുന്നതാണ്. വൈറല്‍പ്പനിക്ക് പ്രത്യേക ചികിത്സകളൊന്നും ആവശ്യമില്ല. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 7 - 8 ദിവസംകൊണ്ട് മാറിക്കൊള്ളും. 
വൈറല്‍പ്പനി പിടിപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടത്1. ധാരാളം വെള്ളം കുടിക്കുക 2. വൈറ്റമിന്‍ സി ഗുളികകള്‍ രോഗപ്രതിരോധശേഷി വീണ്ടെടുക്കുവാന്‍ സഹായിക്കും 
 
3.  പനി ശക്തമാകാതെ സൂക്ഷിക്കണം എന്നതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ശരീരം മുഴുവന്‍ നനഞ്ഞതുണികൊണ്ട് ഇടയ്ക്കിടയ്ക്ക് തുടയ്ക്കുന്നത് നല്ലതാണ് 
4. നല്ല വിശ്രമമാണ് വൈറല്‍പ്പനിക്കെതിരെയുള്ള പ്രതിവിധി 
 
5. വിശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിക്കും. ഇത് രോഗാണുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ ശരീരത്തിന് കരുത്തു നല്‍കും 
6. കാറ്റും വെളിച്ചയും യഥേഷ്ടം ലഭിക്കുന്ന തുറസായ മുറിവേണം പനിബാധിച്ചവര്‍ തെരഞ്ഞെടുക്കാന്‍ 
7. പനിയുള്ളപ്പോള്‍ യാത്രകള്‍ ഒഴിവാക്കണം. വിശ്രമമില്ലാത്തവരില്‍ ബാക്ടീരിയല്‍ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ് 
 
8. പനിക്കുള്ള പാരസെറ്റമോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. അമിത അളവില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കരളിന് ഹാനികരമാണ്.
9. കരിക്കിന്‍ വെള്ളം  ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം തുടങ്ങിയവ രോഗിക്ക് കുടിക്കാന്‍ നല്‍കണം. പനി മാറിയതിനുശേഷം രണ്ടു ആഴ്ചയോളം ഈ ശീലം തുടരുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. 
 
10. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും.തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയാണ് ക്ഷീണം ഒഴിവാക്കാനുള്ള മാര്‍ഗം.