Monday, February 19, 2018
Reg:No 91291/Kermal/2004/18734

കര്‍ക്കടകത്തില്‍ ശ്രദ്ധിക്കേണ്ടത്

കര്‍ക്കടകത്തില്‍ ശ്രദ്ധിക്കേണ്ടത്

കാലാവസ്ഥാ വ്യതിയാനങ്ങള്‍കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളില്‍നിന്ന് ശരീരത്തെ പരിരക്ഷി ക്കാന്‍ ഓരോ ഋതുവിലും ജീവിതരീതികള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു. "ഋതുചര്യ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആറു ഋതുക്കള്‍ ചേര്‍ന്നതാണ് ഒരുവര്‍ഷം. ഒരു ഋതുവിന്റെ അവസാനത്തെ ഒരാഴ്ചയും അടുത്ത ഋതുവിന്റെ ആദ്യത്തെ ഒരാഴ്ചയും ചേര്‍ന്ന കാലയളവ് ഋതുസന്ധി എന്ന് അറിയപ്പെടുന്നു. ഈ സമയത്ത് ഉണ്ടാകുന്ന ഏതു രോഗവും ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകാമെന്ന് ആയുര്‍വേദം പറയുന്നു.
കേരളത്തില്‍ എല്ലാ ഋതുക്കളും അത്ര പ്രകടമല്ല. നാലുമാസത്തോളമുള്ള വര്‍ഷഋതു അഥവാ മഴക്കാലം ഇവിടത്തെ പ്രത്യേകതയാണ്. മകരംതൊട്ട് മിഥുനംവരെയുള്ള മാസങ്ങള്‍ ഉത്തരായനത്തിലും കര്‍ക്കടകംതൊട്ട് ധനുവരെയുള്ള മാസങ്ങള്‍ ദക്ഷിണായനത്തിലുംപെടുന്നു. ദക്ഷിണായനകാലത്ത് സൂര്യന്റെ ചൂട് കുറഞ്ഞ അളവിലാണ് ഭൂമിയില്‍ പതിക്കുന്നത്. ശാരീരികവും മാനസികവുമായ ബലം കുറയുന്ന മാസങ്ങളാണിത്. ജൂണ്‍മുതല്‍ സെപ്തംബര്‍വരെയുള്ള മഴക്കാലത്ത് വാത-പിത്ത-കഫങ്ങളാകുന്ന മൂന്നു ദോഷങ്ങളും വര്‍ധിക്കുന്നു. മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകളാലും പരിസരമലിനീകരണത്താലും രോഗാണുക്കള്‍ പെരുകുന്നു. രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ ഈ കാലയളവില്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ ഒളിച്ചിരുന്ന പല രോഗാണുക്കളും ശക്തിപ്രാപിച്ച് രോഗകാരണമാകുന്നു. ചൂട്, തണുപ്പ്, വായു, ജലം, ആഹാരം, ഔഷധദ്രവ്യങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന ഗുണവ്യത്യാസങ്ങള്‍ ശരീരബലത്തിനും ദഹനശക്തിക്കും ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകള്‍ ഇവയെല്ലാം കണക്കിലെടുത്തുവേണം ഓരോ ഋതുവിലും ജീവിതചര്യകള്‍ ക്രമപ്പെടുത്തേണ്ടത്.
മഴക്കാലത്ത് വാതം വര്‍ധിക്കുകയും വാതരോഗലക്ഷണങ്ങള്‍ നന്നായി പ്രകടമാകുകയും ചെയ്യുന്നു. രോഗത്തെ സഹിക്കാനുള്ള ശേഷി കുറയുന്നു. ശരീരബലം കുറയുന്നു. ദഹനശക്തി കുറയുന്നു. അഗ്നിയുടെ ബലം കുറയുന്നു (ശരീരത്തിനുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശക്തിയെ അഗ്നിയെന്നു പറയാം). ഈ കാലത്ത് ലഘുവായ പഞ്ചകര്‍മചികിത്സ ചെയ്യാം. അശുദ്ധിയാണ് രോഗം; നൈര്‍മല്യമാണ് ആരോഗ്യം എന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശുദ്ധീകരിക്കലാണ് ഛര്‍ദിപ്പിക്കല്‍, വയറിളക്കല്‍, വസ്തി, നസ്യം, രക്തമോക്ഷം തുടങ്ങിയ പഞ്ചകര്‍മങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നത്. മഴക്കാലത്തുള്‍പ്പെട്ട കര്‍ക്കടകമാസത്തില്‍ വാതരോഗലക്ഷണങ്ങള്‍ ഏറ്റവും പ്രകടമാണ്. ഇക്കാലത്ത് ശരീരശക്തിക്കനുസരിച്ച് പഞ്ചകര്‍മ ചികിത്സകള്‍ ചെയ്യുന്നത് നല്ലതാണ്. ഇത്തരം ചികിത്സകളാല്‍ ആന്തരിക ശുദ്ധി വരുത്തിയശേഷം ഉപയോഗിക്കുന്ന ഔഷധക്കഞ്ഞി ശരീരത്തിന് ഏറെ ഗുണം നല്‍കും.
"ആഹാരം മഹാഭൈഷജ്യം' എന്നാണ് ആയുര്‍വേദം പറയുന്നത്. ആഹാരത്തെ ഔഷധമായിത്തന്നെ ഉപയോഗിക്കാന്‍ പലപ്പോഴും രോഗികളോട് നിര്‍ദേശിക്കാറുമുണ്ട്. പലതരം മുക്കുടികള്‍ ഉദാഹരണമാണ്. വയര്‍ ശുദ്ധമാക്കാനാണ് ഇത് നിര്‍ദേശിക്കാറുള്ളത്്. മാറാത്ത വയറിളക്കമുള്ളവര്‍ക്ക് പുളിയാറില ചേര്‍ത്ത് മോരു കാച്ചി മുക്കുടിയായി നിര്‍ദേശിക്കാറുണ്ട്. ഇതുപോലെ വൈദ്യനിര്‍ദേശപ്രകാരം വിവിധതരം മുക്കുടികള്‍ തയ്യാറാക്കാവുന്നതാണ്.ഈ ആശയത്തില്‍നിന്നാവണം കര്‍ക്കടകക്കഞ്ഞിയുടെയും ആവിര്‍ഭാവം. വിവിധ രോഗാവസ്ഥകളില്‍ ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞികള്‍ ചരകാചാര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിപ്പല്ലി, കാട്ടുതിപ്പല്ലി, കാട്ടുമുളകിന്‍ വേര്, കൊടുവേലി, ചുക്ക് ഇവ ഒന്നിച്ചുചേരുന്നതാണ് പഞ്ചകോലം. പഞ്ചകോലം ചേര്‍ത്തുവയ്ക്കുന്ന കഞ്ഞി വയറിനുള്ളിലെ അസ്വസ്ഥതകള്‍ മാറാനും ദഹനശക്തി വര്‍ധിക്കാനും ഉപയോഗപ്പെടുന്നു. മുന്തിരിങ്ങ, നറുനീണ്ടി, മലര്, ചുക്ക്, തിപ്പല്ലി ഇവ ചേര്‍ത്തുള്ള കഞ്ഞി തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് കുറയും. വറുത്ത ഗോതമ്പിന്റെ കഞ്ഞി ശരീരത്തെ ശോഷിപ്പിക്കും. ചുമ, ശ്വാസംമുട്ടല്‍, കഫ രോഗങ്ങള്‍ എന്നിവയുടെ ശമനത്തിന് ദശമൂലം ചേര്‍ത്ത കഞ്ഞി പ്രയോജനപ്പെടും. ആശാളി, ജീരകം, തിപ്പലി, ചുക്ക്, കുരുമുളക്, വിഴാലരി, കുറുന്തോട്ടിവേര്, ചെറൂളവേര് ഇവ പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളത്തില്‍ ഞവര അരിയും ഉലുവയും ചേര്‍ത്ത് കഞ്ഞി തയ്യാറാക്കാം.50 ഗ്രാം ഞവര അരിക്ക് 10 ഗ്രാം ഉലുവ എന്ന അനുപാതത്തില്‍ ഇവ ചേര്‍ത്ത് ആവശ്യമനുസരിച്ച് കഞ്ഞിവയ്ക്കാം. ആവശ്യമുള്ളവര്‍ക്ക് പാലും ചേര്‍ത്ത് പാല്‍ക്കഞ്ഞിയാക്കാം.
വിവിധ രോഗങ്ങളുള്ളവര്‍ ഏതുതരം കഞ്ഞിയാണു കഴിക്കാന്‍ ഉത്തമമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞിയോടൊപ്പം പത്തിലത്തോരനും കേരളത്തില്‍ പ്രചരിച്ചിരുന്നു. ചേമ്പിന്‍താള്, ചേനത്തണ്ട്, തകര, കുമ്പളം, മത്തന്‍, ആനത്തുമ്പ, പയറില, തഴുതാമ, നെയ്യുണ്ണി, ചീര തുടങ്ങിയവയാണ് തോരനായി ഉപയോഗിക്കാറുള്ളത്. പ്രാദേശികമായി ഇവയുടെ പേരുകളില്‍ വ്യത്യാസമുണ്ട്.