Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങി

ബംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ തുടങ്ങി. തന്‍െറ ഭാഗം കേള്‍ക്കാതെയുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമെന്ന ഹര്‍ജിയിലാണ് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ തവണ നല്‍കിയ സത്യവാങ്മൂലത്തിന്മേലുള്ള ക്രോസ് വിസ്താരം ഒരുമണിക്കൂര്‍ നീണ്ടു. പിന്നീട് കേസില്‍ തുടര്‍ വിസ്താരം കേള്‍ക്കുന്നത് ജഡ്ജി എന്‍.ആര്‍. ചെന്നകേശവ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജി. കൃഷ്ണമൂര്‍ത്തി ഹാജരായി. 
 
സത്യവാങ്മൂലത്തിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ഖണ്ഡികകള്‍ തന്‍െറ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും എട്ടു മുതല്‍ 13 വരെയും 16ഉം ഖണ്ഡികകളിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതെന്നും ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങിയത്. കേസിന്‍െറ വിധിവരുന്ന സമയത്ത് ദുബൈയിലായിരുന്നെന്നും ദൃശ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹം എതിര്‍കക്ഷിയുടെ അഭിഭാഷകന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
 
അന്നുതന്നെ തിരുവനന്തപുരത്തുള്ള എം.എല്‍.എ ഓഫിസ് വഴി വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള അഭിഭാഷകന്‍ സന്തോഷ് കുമാറിന് കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് നല്‍കി. അദ്ദേഹമാണ് ബംഗളൂരുവിലെ അഭിഭാഷകരുമായി കേസിന്‍െറ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. കേസിന്‍െറ വിശദാംശങ്ങള്‍ അദ്ദേഹം സമയാസമയംതന്നെ അറിയിച്ചിരുന്നില്ളെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു.