Tuesday, July 25, 2017
Reg:No 91291/Kermal/2004/18734

ട്വന്റി–20 പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി

ട്വന്റി–20 പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി

മൗണ്ട് മൻഗുനയി: ബംഗ്ലാദേശിനെതിരായ ട്വന്റി–20 പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 47 റൺസിന് വിജയിച്ചാണ് പരമ്പര കിവീസ് സ്വന്തമാക്കിയത്. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.
 
കോളിൻ മുൺറോയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 195 റൺസ് അടിച്ചുകൂട്ടി. 54 പന്തിൽ ഏഴ് വീതം സിക്സും ഫോറും പറത്തി 101 റൺസ് നേടിയ മുൺറോ ബംഗ്ലാദേശ് ബൗളർമാരെ നിലംപരിശാക്കി. 39 പന്തിൽ 59 റൺസ് നേടിയ ടോം ബ്രൂസ് മികച്ച പിന്തുണയാണ് മുൺറോയ്ക്ക് നൽകിയത്. മുൺറോയാണ് മാൻ ഓഫ് ദ് മാച്ച്.
 
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 18.1 ഓവറിൽ 148 റൺസിന് പുറത്തായി. സാബിർ റഹ്മാൻ 48 റൺസും സൗമ്യ സർക്കാർ 39 റൺസും നേടി പുറത്തായി. കിവീസിന് വേണ്ടി ഇഷ് സോധി മൂന്നും ബെൻ വീലർ, കെയ്ൻ വില്യംസൺ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.