Monday, March 27, 2017
Reg:No 91291/Kermal/2004/18734

24 കാരന്റെ ലോക്കപ്പ് മരണം: അഞ്ച് പോലീസുകാര്‍ക്കെതിരേ കേസ്

24 കാരന്റെ ലോക്കപ്പ് മരണം: അഞ്ച് പോലീസുകാര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ സ്‌റ്റേഷനില്‍ അഞ്ച് പോലീസുകാര്‍ക്കെതിരേ ലോക്കപ്പ് മരണത്തിന് കേസ്. 24 കാരനായ പച്ചക്കറി കച്ചവടക്കാരനെ ലോക്കപ്പില്‍  മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയും ചെയ്‌തെന്നാണ് കേസ്. കോണ്‍സ്റ്റബിള്‍മാരായ കുല്‍ദീപ്, സുരേന്ദര്‍, ഇന്ദ്രജ് എന്നിവര്‍ക്ക് പുറമേ സ്‌റ്റേഷന്‍ ഹെഡ് ഓഫീസര്‍ സഞ്ജയ് കുമാര്‍, ഒരു അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷണം നടക്കുന്നത്. 
മറ്റൊരു കച്ചവടക്കാരനുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 28 ന് ആസാദ് പൂര്‍ മാണ്ഡിയില്‍ വെച്ച് പോലീസ് പിടികൂടിയ സോംപാലാണ് മരണമടഞ്ഞത്. സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്‌റ്റേഷന്റെ നാലാം നിലയിലെ ടെറസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ താഴെ വീണ് മരിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനിടയില്‍ സോംപാലിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സോംപാലിന്റെ ശരീരം രക്തം ഒഴുകുന്ന നിലയില്‍ സ്‌റ്റേഷന്റെ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.  സ്‌റ്റേഷന്‍ ഹെഡ് ഓഫീസര്‍ സ്‌റ്റേഷന് സമീപത്ത് എവിടെയെങ്കിലും മൃതദേഹം മറവു ചെയ്തു കളയാന്‍ നിര്‍ദേശിച്ചെന്നാണ് ആരോപണം.  പിറ്റേന്ന് വഴിയാത്രക്കാര്‍  വിവരം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് ബാബു ജഗ്ജീവന്‍ റാം ഹോസ്പിറ്റിലിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 
സോംപാലിന്റെ കാല്‍ മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. മുഖത്തും തലയിലും കനമുള്ള വസ്തുക്കള്‍ കൊണ്ട് അടിച്ചതിന്റെ മുറിവും ചതവുമുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയയ്ക്കുകയും പോലീസുകാര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.