Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ആര്‍ത്തവ രക്തം അശുദ്ധമല്ല; സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ച് ചിത്രരചന

ആര്‍ത്തവ രക്തം അശുദ്ധമല്ല; സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ച് ചിത്രരചന

ബ്യൂക്കറെസ്റ്റ്: ആര്‍ത്തവ രക്തം അശുദ്ധമല്ല എന്ന് പ്രഖ്യാപിച്ച്, സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ച് മനോഹരമായ ചിത്ര രചന നടത്തിയിരിക്കുകയാണ് റൊമേനിയന്‍ സ്വദേശിനിയായ ടിമി പാള്‍ എന്ന യുവതി. ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം കൊണ്ടാണ് ചിത്രരചന നടത്തിയിരിക്കുന്നത്. ഓരോ മാസത്തെയും ആര്‍ത്തവം രക്തം കൊണ്ട് വ്യത്യസ്ത ക്യാന്‍വാസുകളിലായാണ് ടിമി ചിത്രം വരച്ചത്. ഈ ഒമ്പത് ക്യാന്‍വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ചിത്രമാകും. "ദി ഡയറി ഓഫ് മൈ പിരീഡ്" എന്നാണ് ചിത്രത്തിന് ടിമി നല്‍കിയ പേര്.
ആര്‍ത്തവ കാലവും, ആര്‍ത്തവ രക്തവും അശുദ്ധമല്ലെന്നും ഇത് വെറുക്കപ്പെടേണ്ട ഒന്നല്ലെന്നുമാണ് ടിമി പാളിന്റെ അഭിപ്രായം. ജീവിതത്തിലെ വ്യത്യസ്തവും, മനോഹരവുമായ ഒരു അനുഭവമാണ് ആര്‍ത്തവ കാലമെന്നും അതുകൊണ്ടാണ് ആര്‍ത്തവ രക്തം കൊണ്ട് ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്നും ടിമി പാള്‍ പറയുന്നു. 
റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക്ക് ഡിസൈനറുമാണ് ടിമി പാള്‍. ടിമിയുടെ ദി ഡയറി ഓഫ് മൈ പിരീഡ് എന്ന ചിത്രം ഇതിനോടകം ലോക ശ്രദ്ധനേടിക്കഴിഞ്ഞു.