Saturday, November 25, 2017
Reg:No 91291/Kermal/2004/18734

"എന്റെ ഭര്‍ത്താവ് മാനസിക രോഗിയാണെങ്കില്‍ എന്തിന് തോക്ക് കൊടുത്ത് അതിര്‍ത്തി സംരക്ഷിക്കാന്‍ നിര്‍ത്തി" - ജവാന്റെ ഭാര്യ

ഛണ്ഡീഗഡ്: അതിര്‍ത്തി സേനാംഗങ്ങള്‍ക്ക് നല്‍കുന്ന നിലവാരം കുറഞ്ഞ ഭക്ഷണം സംബന്ധിച്ച് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലൂടെ വിവാദത്തില്‍പ്പെട്ട സൈനികനെ മോശക്കാരനാക്കാനുള്ള നീക്കത്തിനെതിരേ ഭാര്യ. "എന്റെ ഭര്‍ത്താവ് മാനസിക രോഗിയാണെങ്കില്‍ എന്തിന് തോക്ക് കൊടുത്ത് അതിര്‍ത്തി സംരക്ഷിക്കാന്‍ നിര്‍ത്തി" എന്ന് സേനാ മേധാവികളോട് ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷര്‍മിള യാദവ് ചോദിച്ചു. 
തേജ് ബഹാദൂര്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളും അച്ചടക്കമില്ലാത്ത വ്യക്തിയുമാണെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നെ എന്തിന് അതിര്‍ത്തിയില്‍ നിര്‍ത്തി. അനീതിയോട് സമരസപ്പെടാന്‍ തയ്യാറാവാത്ത സ്വഭാവമുണ്ട് തേജ് ബഹാദൂറിന്. ഇക്കാരണം കൊണ്ടുതന്നെ സര്‍വീസ് കാലത്തിനിടെ പലതും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷര്‍മിള യാദവ് പറഞ്ഞു.
സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവിനെ ബിഎസ്എഫ് ശിക്ഷിച്ചിട്ടുണ്ട്. വളരെ അച്ചടക്കമുള്ള സേനാ വിഭാഗമാണ് ബിഎസ്എഫ്. ചെറിയ തെറ്റ് പോലും വച്ചുപൊറുപ്പിക്കില്ല. മോശം സര്‍വീസ് ചരിത്രമാണുള്ളതെങ്കില്‍ ഇത്രയും കാലം എങ്ങനെ ഭര്‍ത്താവ് ബിഎസ്എഫില്‍ നിലനിന്നുവെന്ന് ഷര്‍മിള ചോദിച്ചു.
 
ഹരിയാനയിലെ റിവാരിയിലാണ് ഷര്‍മിളയുള്ളത്. 17 വയസുള്ള മകനുണ്ട് അവര്‍ക്ക്. ഭര്‍ത്താവിന് അഞ്ച് വര്‍ഷം കൂടി സര്‍വീസില്‍ തുടരണമെന്നുണ്ട്. എന്നാല്‍ 20 വര്‍ഷം പൂര്‍ത്തിയായാല്‍ സ്വയം വിരമിക്കാന്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ നിര്‍ബന്ധിക്കുകയാണ്. ജനുവരി 31 നാണ് 20 വര്‍ഷം തികയുന്നത്. അദ്ദേഹത്തിന്റെ വിആര്‍എസ് അപേക്ഷ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഷര്‍മിള പറഞ്ഞു.
 
നിലവാരമില്ലാത്ത ഭക്ഷണം ലഭിക്കുന്നത് സംബന്ധിച്ച് ഭര്‍ത്താവ് തന്നോട് പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ കണ്ടപ്പോള്‍ ഞാനും ഞെട്ടി. നിങ്ങള്‍ പ്രശ്‌നത്തിലേക്കാണ് പോവുന്നതെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറയുകയും ചെയ്തു. പലരും വീഡിയോയുടെ ആധികാരികത ചോദിച്ചിരുന്നു. ഭര്‍ത്താവിന്റെ ഫേസ്ബുക് പാസ്‌വേഡ് തനിക്കറിയാം. ലോഗിന്‍ ചെയ്തപ്പോള്‍ ഭര്‍ത്താവ് തന്നെ പോസ്റ്റ് ചെയ്തതാണെന്ന് ബോധ്യമായെന്നും ഷര്‍മിള കൂട്ടിച്ചേര്‍ത്തു.