Saturday, May 27, 2017
Reg:No 91291/Kermal/2004/18734

പാമ്പാടി നെഹ്രു കോളേജിലെ വനിത ഹോസ്റ്റലിന്റെ വാതിലുകളില്‍ വലിയ ദ്വാരം; വസ്ത്രം മാറുന്നതിനുപോലും സ്വാതന്ത്ര്യം ഇല്ല

പാമ്പാടി നെഹ്രു കോളേജിലെ വനിത ഹോസ്റ്റലിന്റെ വാതിലുകളില്‍ വലിയ ദ്വാരം;  വസ്ത്രം മാറുന്നതിനുപോലും സ്വാതന്ത്ര്യം ഇല്ല

കൊച്ചി: പാമ്പാടി നെഹ്രു കോളേജിലെ വനിത ഹോസ്റ്റലിന്റെ വാതിലുകളില്‍  മധ്യഭാഗത്തായി വലുപ്പത്തിലുള്ള ദ്വാരങ്ങളുണ്ട്. വസ്ത്രം മാറുന്നതിനുപോലും  വിദ്യാര്‍ത്ഥിനികള്‍ക്ക് ഇവിടെ സ്വാതന്ത്ര്യം ഇല്ല. ചില കുട്ടികള്‍ ഈ ദ്വാരം തുണി വെച്ചു അടയ്ക്കാറുണ്ട്. എന്നാല്‍ ദ്വാരം അടയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ഡന്‍ ചീത്ത പറയുകയും ഫൈന്‍ ഇടാക്കുകയും ചെയ്യും. കോളേജിന് ആവശ്യത്തിലധികം സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആരെയും കിട്ടാറില്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
 
ഹോസ്റ്റലിന്റെ പിന്‍ഭാഗത്തു നിന്നു നഗ്നത പ്രദര്‍ശനം നടത്തുന്നയാളാണ് പെണ്‍കുട്ടികളുടെ സ്ഥിരം പേടിസ്വപനം. മുഖം തോര്‍ത്തുകൊണ്ടു മറച്ച്  പരിപൂര്‍ണ നഗ്നനായി ഒരു മനുഷ്യന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തെ പച്ചിലക്കാട്ടില്‍ നില്‍ക്കുമെന്നു പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇയാള്‍  ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. ഇക്കാര്യങ്ങല്‍ പലതവണ കോളേജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ഒരു നടപടിയും എടുത്തില്ലെന്നും പലപ്പോഴും അശ്ലീലം നിറഞ്ഞ മറുചോദ്യത്തോടെയാകും മാനേജ്‌മെന്റ് പ്രതികരിക്കുന്നതെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. കൂടുതല്‍ തവണ പരാതി പറയുന്നവരെ മോശക്കാരാക്കും. നിങ്ങള്‍ വിളിച്ചുകൊണ്ടുവന്ന ആളായിരിക്കുമെന്ന് മാനേജ്‌മെന്റ് പറയും. ശാരീരകവും മാനസികവുമായ പീഡനം അനുഭവിച്ചാണ് ഇവിടെ ജീവിക്കുന്നതെന്നും  വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.