Tuesday, April 25, 2017
Reg:No 91291/Kermal/2004/18734

മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകരമാകത്തക്കരീതിയില്‍ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകള്‍ ഉപയോഗിക്കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകരമാകത്തക്കരീതിയില്‍ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകള്‍ ഉപയോഗിക്കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരിക്കത്തക്ക രീതിയില്‍ കേന്ദ്ര സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മന്ത്രി ചെയര്‍പേഴ്‌സനായുളള കേന്ദ്ര -സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാമത് ഉന്നതതല കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കടലിലുളള മത്സ്യ സമ്പത്തിന്റെ അളവ് അവയുടെ ചലനം, അവ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങള്‍, കാലാവസ്ഥ, കടല്‍ത്തിരകളുടെ ചലനം, കാലാവസ്ഥയിലുളള മാറ്റം എന്നിവ സംബന്ധിച്ചുളള കൃത്യമായ വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഐ.എന്‍.സി.ഒ.ഐ.എസ്) വഴി ലഭിക്കും. ഇവ ഫിഷറീസ് ഡയറക്ടറേറ്റിലെ സെര്‍വര്‍ വഴി മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സ്യം ധാരാളം ഉളള സ്ഥലങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇന്ധനം ചെലവഴിക്കാതെ തന്നെ മത്സ്യം പിടിക്കുന്നതിന് സാധിക്കും. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം കൃത്യമായി കണ്ടെത്തി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിയും. ഇത്തരത്തിലുളള സഹായ സംവിധാനമാണ് സര്‍ക്കാര്‍ ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, മത്സ്യബന്ധന തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ , എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുളള, വി. രഘുനന്ദന്‍(ടെലികോം) ഡോ. രഘുനാഥമേനോന്‍(ഇസ്‌റോ), ഡോ. രാമചന്ദ്രന്‍ (ഫിഷറി സര്‍വേ ഓഫ് ഇന്ത്യ), ഡോ. വെല്‍വിഴി (എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍), ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യൂ (സതേണ്‍ നേവല്‍ കമാന്‍ണ്ടന്റ്), വി.കെ. വര്‍ഗീസ് (ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്), ഡോ. പ്രദീപ് കുമാര്‍ (ശാസ്ത്രഭവന്‍), ഡോ. എസ്. രാജേന്ദ്രന്‍ (കുഫോസ്), എ. ഷാജി (കെല്‍ട്രോണ്‍), കെ.എം. ധരേശന്‍ ഉണ്ണിത്താന്‍ (എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍), സുകു (കെ.എസ്.ഇ.ബി) എന്നിവര്‍ പങ്കെടുത്തു.