Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

മലയാളത്തിന്റെ ഗാനഗന്ധര്‍വന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ ഗാനഗന്ധര്‍വന്  ഇന്ന് പിറന്നാള്‍

തിരുവനന്തപുരം: മലയാളത്തിന്റെ ഗാനഗന്ധര്‍വന്  ഇന്ന് പിറന്നാള്‍. നമ്മുടെ പ്രിയപ്പെട്ട ഗന്ധര്‍വ ഗായകന്‍ യേശുദാസിന് ഇന്ന് എഴുപത്തിയേഴ് വയസ് തികയുന്നു. പതിവുപോലെ ലളിതമായി തന്നെയാണ് യേശുദാസ് ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നത്.
 
ഇരുപത്തി രണ്ടാം വയസില്‍ 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിലെ 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തി. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയിൽ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  മലയാളത്തില്‍ നിന്ന് തമിഴിലേക്കും, പിന്നീട്  കന്നടയും, തെലുങ്കും, ഹിന്ദിയും കടന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ഗന്ധര്‍വ സംഗീതം ഒഴുകുകയായിരുന്നു. ഇംഗ്ലീഷ്, അറബി, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകനായും നടനായും തിളങ്ങി.
 
കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്‍റെ ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു. പിന്നീട് ആർ.എൽ.വി സംഗീത സ്കൂളിൽ പഠിച്ചു. നിരവധി തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. യുനസ്‌കോ പുരസ്‌കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾ നിരവധിയാണ്.