Monday, September 25, 2017
Reg:No 91291/Kermal/2004/18734

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്തു.

കുറ്റ്യാടി: ടൗണില്‍ അസമയത്ത് കണ്ടതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആശുപത്രി ജീവനക്കാരികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. കുറ്റ്യാടി കെ.എം.സി ഹോസ്പിറ്റലിലെ എക്സ്റേ ടെക്നീഷ്യന്‍ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരത്തില്‍ മോഹനന്‍െറ മകള്‍ ആതിരയാണ് (19) രാസവസ്തു കഴിഞ്ഞ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്ക് നാദാപുരം ഡിവൈ.എസ്.പി ഇസ്മായിലാണ് പട്രോളിങ്ങിനിടെ കുറ്റ്യാടി ടൗണില്‍നിന്ന് സ്കൂട്ടറുമായി രണ്ട് ജീവനക്കാരികളെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പൊലീസ് പറയുന്നതിങ്ങനെ: സ്ഥലത്ത് ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ ഡ്രൈവിങ് പഠിക്കുകയാണെന്ന് പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. തുടര്‍ന്ന് ഡിവൈ.എസ്.പി ഇരുവരെയും സ്റ്റേഷനിലത്തെിച്ചു. ആശുപത്രിയിലെ ഒരു ഡോക്ടറെയും ജീവനക്കാരനെയും വിളിച്ചുവരുത്തുകയും ഇരുവരും ജീവനക്കാരികളാണെന്ന് ബോധ്യപ്പെട്ടതോടെ പുലര്‍ച്ചെ നാലു മണിയോടെ പറഞ്ഞയക്കുകയും ചെയ്തു. ഉറങ്ങാന്‍ കിടന്ന ആതിര നാലരയോടെ ആശുപത്രിയുടെ മുകള്‍ഭാഗത്ത്  പോയി പൊട്ടാസ്യം പെര്‍മാംഗനേറ്റ് കഴിച്ച് അവശയാവുകയും പ്രഥമശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച രാത്രി പത്തരയോടെ മരിച്ചു. മെഡിക്കല്‍ കോളജില്‍ കുറ്റ്യാടി എസ്.ഐ പി.എസ്. ഹരീഷ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച  യുവതിയുടെ സഹോദരി അഞ്ജു ഇതേ ആശുപത്രിയില്‍ ജീവനക്കാരിയാണ്.  മരിച്ച യുവതിയുടെ  മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ആശുപത്രിയിലെ  ജീവനക്കാരിയുടെ ഭര്‍ത്താവിന്‍െറ മൊബൈല്‍ ഫോണിലേക്ക് അതിനുമുമ്പ് വിളിച്ചതായി കണ്ടത്തെി. ഇരുവരും ഉപയോഗിച്ച സ്കൂട്ടര്‍ ഇയാളുടേതാണ്. നരിക്കാട്ടേരിയിലാണ് ഇയാളുടെ താമസം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെയ്സണ്‍ കെ. അബ്രഹാം കേസ് അന്വേഷിക്കും. ഇപ്പോള്‍ അസ്വാഭാവിക  മരണത്തിനാണ് കേസ്.  സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സി.ഐ ടി. സജീവന്‍, എ.എസ്.ഐ പി.എസ്. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്തത്തെി. ജീവനക്കാരി മരിച്ചത് ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവുകൊണ്ടാണെന്നും ജീവനക്കാരികള്‍ പുറത്തേക്ക് പോകാന്‍ കാരണക്കാരനായ യുവാവിനെ ആശുപത്രിയില്‍ വരാന്‍ അനുവദിച്ചതായും ആരോപിച്ച് സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍  ആശുപത്രിക്കു മുന്നില്‍ ധര്‍ണ നടത്തി.