Sunday, June 25, 2017
Reg:No 91291/Kermal/2004/18734

കിലോക്ക് 40 രൂപ നിരക്കിൽ പാല്‍ കവറുകള്‍ വിൽക്കാം

കിലോക്ക് 40 രൂപ നിരക്കിൽ പാല്‍ കവറുകള്‍ വിൽക്കാം

തൃശൂര്‍: ഉപയോഗ ശേഷം പാല്‍ കവറുകള്‍ വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിച്ചാല്‍ കിലോക്ക് 40 രൂപ നിരക്കിൽ വിൽക്കാം. ആക്രിക്കച്ചവടക്കാരുമായി ജില്ലാ ഭരണ കൂടങ്ങള്‍  നടത്തിയ ചര്‍ച്ചകളിലാണ് ഉപയോഗിച്ച പാല്‍ കവര്‍ വൃത്തിയാക്കി നല്‍കിയാല്‍ കിലോക്ക് 40 രൂപ വെച്ച് നല്‍കാമെന്ന് ആക്രിക്കച്ചവടക്കാര്‍ സമ്മതിച്ചത്. ഏറ്റവുമധികം കവര്‍ പാല്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പാല്‍ കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നത് വലിയ മാലിന്യപ്രശ്നമാണ്. പാല്‍ കവറുകള്‍ മണ്ണില്‍ ഉപേക്ഷിച്ചാല്‍ നശിക്കാതെ കിടക്കും. അതിന് പരിഹാരം എന്ന നിലക്കാണ് ഈ നിര്‍ദേശം. എന്നാല്‍, വൃത്തിയുള്ള കവറുകള്‍ മാത്രമേ സ്വീകരിക്കൂ. നിലവില്‍ പാല്‍ എടുത്ത ശേഷം കവറില്‍ തേയില, നാരങ്ങ എന്നിവ ഇട്ടു വെക്കുന്ന പതിവുണ്ട്. അത്തരത്തിലുള്ള കവറുകള്‍ പുനരുല്‍പാദനം നടത്തുക പ്രയാസമാണ്. തമിഴ്നാട്ടുകാര്‍ പാല്‍ ഉപയോഗിച്ച ശേഷം ആ കവറുകള്‍ കൃത്യമായി വെട്ടി കഴുകി ഉണക്കി സൂക്ഷിക്കാറുണ്ടെന്നും അതിനാല്‍ അവരില്‍ നിന്ന് കവറുകള്‍ വാങ്ങാനാണ് താല്‍പര്യമെന്നും കച്ചവടക്കാര്‍ പറഞ്ഞു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്രധാന പ്രശ്നമായ പ്ളാസ്റ്റിക് മാലിന്യ സംസ്കരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദേശം നടപ്പായാല്‍  പാല്‍ കവര്‍ എടുക്കാത്ത അവസ്ഥ മാറ്റാനും പ്ളാസ്റ്റിക് കവര്‍ വിഷയം ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.  വീടുകളിലും ഹോട്ടലുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളിലും സൂക്ഷിക്കുന്ന കവറുകള്‍ ശേഖരിച്ച് ആക്രിക്കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നതുള്‍പ്പെടെ കാര്യങ്ങളും തദ്ദേശ  സ്ഥാപനങ്ങള്‍ പരിശോധിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.