Monday, February 27, 2017
Reg:No 91291/Kermal/2004/18734

രാജ്മോഹന്‍ ഉണ്ണിത്താന്റെ നേരെ കോൺഗ്രസ് പ്രവർത്തകര്‍ ചീമുട്ടയെറിഞ്ഞു

രാജ്മോഹന്‍ ഉണ്ണിത്താന്റെ നേരെ കോൺഗ്രസ് പ്രവർത്തകര്‍ ചീമുട്ടയെറിഞ്ഞു

കൊല്ലം: രാജ്മോഹന്‍ ഉണ്ണിത്താന്റെ നേരെ കോൺഗ്രസ് പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡിസിസി ഓഫിസിലെത്തിയപ്പോഴായിരുന്നു സംഭവം. ഉണ്ണിത്താന്റെ കാറിനു നേരെയും ആക്രമണമുണ്ടായി. കാറിന്റെ ചില്ലു തകർന്നു. കെ.മുരളീധരന്റെ അനുകൂലികളാണ് രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ചത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ കൊണ്ട് കെ.മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് കെപിസിസി വക്താവു സ്ഥാനം ഉണ്ണിത്താൻ കഴിഞ്ഞ ദിവസം  രാജിവച്ചിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച കെപിസിസി പ്രസിഡന്റുമാരിൽ ഒരാളായ മുരളീധരനെ അപമാനിച്ച രാജ്മോഹൻ ഉണ്ണിത്താനെ ഡിസിസി ഓഫിസിൽ കയറ്റില്ലെന്നു പറഞ്ഞാണ് മുരളി അനുകൂലികൾ ആക്രമണം നടത്തിയത്.
 
സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്ന  മുരളീധരന്റെ വിമർശനത്തിനു പാർട്ടി വക്താവെന്ന നിലയിൽ ഉണ്ണിത്താൻ നൽകിയ മറുപടിയാണ് ഇരുവരും തമ്മിലുള്ള വാക്പോരിന് തുടക്കം. 
വീട്ടുകാർ വർത്തമാനം പറയുന്നിടത്തു കുശിനിക്കാർക്കെന്തു കാര്യമെന്നാണു മുരളീധരൻ തിരിച്ചടിച്ചത്. ഉണ്ണിത്താൻ ഉൾപ്പെട്ട അനാശാസ്യക്കേസിന്റെ കാര്യവും മുരളി എടുത്തിട്ടതോടെ രംഗം കലുഷിതമായി. ആരെയും എന്തും പറയാനും ആവശ്യം വരുമ്പോൾ അവരുടെ കാലുപിടിക്കാനും മടിക്കാത്തയാളാണു മുരളീധരനെന്നു തുടർന്നു പത്രസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ച ഉണ്ണിത്താൻ, അദ്ദേഹത്തിനെതിരെ വ്യക്തിപരമായും ഏറെ ആക്ഷേപം ചൊരിഞ്ഞിരുന്നു.