Saturday, May 27, 2017
Reg:No 91291/Kermal/2004/18734

"ഒരു പെണ്ണ് തന്റെ മുന്നില്‍ വണ്ടി ഓടിക്കണ്ട" : സ്‌കൂട്ടര്‍ ഓടിച്ചതിന് യുവതിയുടെ കാല്‍ തല്ലിയൊടിച്ചു

മലപ്പുറം: മലപ്പുറത്ത് സ്‌കൂട്ടര്‍ ഓടിച്ചതിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ചു. അയല്‍വാസിയും മകനും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. റജീന എന്ന 28 കാരിയാണ് പരാതിക്കാരി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റജീന ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇവര്‍ സ്‌കൂട്ടര്‍ ഓടിക്കുന്നത് അയല്‍വാസിക്കാണ് പ്രശ്‌നം.
 
റജീനയുടെ അയല്‍വാസിയായ കുഞ്ഞുമുഹമ്മദ് എന്നയാളാണ് സ്‌കൂട്ടര്‍ ഓടിച്ചതിന് പ്രശ്‌നമുണ്ടാക്കിയത്. ഇയാള്‍ പലതവണ റജീനയെ ഉപദ്രവിച്ചിട്ടുന്ടെന്നാണ് അറിവ്. "ഒരു പെണ്ണ് തന്റെ മുന്നില്‍ വണ്ടി ഓടിക്കണ്ട", അത് തന്നോടുള്ള ബഹുമാനക്കുറവാണെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. 
 
കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന്റെ ആക്രമണത്തില്‍ പരിക്കേറ്റാണ് റജീന ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. റജീനയുടെ കാലിന് പൊട്ടലുണ്ട്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു മകന്റെ ആക്രമണമെന്നും സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി താഴേക്ക് വലിച്ചിടുകയായിരുന്നുവെന്നും അങ്ങനെ കാലിന്റെ എല്ല് പൊട്ടിയെന്നും റജീന പറയുന്നു. 
 
റജീന സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. സ്ത്രീകള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പാടില്ല, തന്നെ ബഹുമാനിക്കണം തുടങ്ങിയവയായിരുന്നു കുഞ്ഞു മുഹമ്മദിന്റെ ആവശ്യം. പാവപ്പെട്ട കുടുംബത്തിലെ അംഗമായ് റജീന സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന തന്നെ ബഹുമാനിക്കുന്നില്ലെന്നതായിരുന്നു ഇദേഹത്തിന്റെ പ്രശ്‌നം. പലതവണ പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും ഒരിക്കല്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വയറ്റില്‍ ഇടിക്കുകയും ചെയ്തെന്നും റജീന പറയുന്നു. 
 
പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കഞ്ഞുമുഹമ്മദിന്റെ വീട്ടുകാര്‍ ഒരു ലക്ഷം രൂപ റജീനയ്ക്ക്  വാഗ്ദാനം ചെയ്തതായും പറയുന്നുണ്ട്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവന്നും പറയുന്നു. ഒരിക്കല്‍ നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നതായും റജീന പറയുന്നുണ്ട്.
 
തനിക്ക് സ്ത്രീ-പുരുഷ സമത്വം ഒന്നും വേണ്ട. ജീവിക്കാനുള്ള അവകാശമെങ്കിലും കിട്ടിയാല്‍ മതി എന്നാണ് റജീന ആവശ്യപ്പെടുന്നത്.