Friday, July 21, 2017
Reg:No 91291/Kermal/2004/18734

കണ്ണൂര്‍ വളപട്ടണം സഹകരണ ബാങ്ക് ക്രമക്കേട് ; 14 പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ വളപട്ടണം സഹകരണ ബാങ്ക് ക്രമക്കേട് ; 14 പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍:  കണ്ണൂര്‍ വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ 14 പേരെ അറസ്റ്റ് ചെയ്തു. 10 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ മുന്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഉണ്ട്. രണ്ടുവർഷമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് കണ്ണൂർ ഡിവൈഎസ്പി പറയുന്നു. കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു.
 
2013 ലാണ് കേസിന് ആസ്പദമായ സംഭവം. ബാങ്കിൽ ലോണിനു വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ വില പത്തിരട്ടിയിലധികം വർധിപ്പിച്ചു കാണിച്ച് ലോൺ നൽകിയതായിട്ടാണ് തെളിഞ്ഞിട്ടുണ്ട്. ഇതുവഴി 3.6 കോടി രൂപ  ലോൺ നൽകിയാണ് ക്രമക്കേടു നടത്തിയത്. പണയപ്പെടുത്തിയിരിക്കുന്ന സ്വർണാഭരണങ്ങൾ ഇവിടുന്നെടുത്ത് മറ്റു ബാങ്കുകൾക്കു നൽകി 1.69 കോടിയുടെ തട്ടിപ്പു നടത്തിയതായും കണ്ടെത്തിയിരുന്നു. അതോടൊപ്പം ബ്ലാങ്ക് ചെക്കിന്റെ അടിസ്ഥാനത്തിൽ സ്വന്തക്കാർക്കുവേണ്ടി ലോൺ നൽകിക്കൊണ്ട് ഒന്നരക്കോടി രൂപയുടെ അഴിമതിയും നടത്തിയിട്ടുണ്ട്. ഇങ്ങനെ പലരീതിയിലാണ് 10 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നത്.
 
സഹകരണ ഓഡിറ്റിങ് വിഭാഗം പലതവണ ഇക്കാര്യത്തിലുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. അതേത്തുടർന്ന് ശക്തമായ നടപടികള്‍ എടുത്തതിനെത്തുടർന്ന് പൊലീസിൽ കേസ് റജിസ്റ്റർ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ മുൻ പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകരും നേതാക്കളുമാണ് അറസ്റ്റിലായത്.