Sunday, February 26, 2017
Reg:No 91291/Kermal/2004/18734

പയ്യന്നൂര്‍ സംഭവം: ഉചിതമായ നടപടി സ്വീകരിക്കും -കെ.കെ. ശൈലജ ടീച്ചര്‍

പയ്യന്നൂര്‍ സംഭവം: ഉചിതമായ നടപടി സ്വീകരിക്കും -കെ.കെ. ശൈലജ ടീച്ചര്‍

പയ്യന്നൂരില്‍ സ്വന്തം മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സാമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നതായും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ മുഖേന ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രായം ചെന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട്. ധാര്‍മികമായി ഈ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കണം. 2007ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാസ്സാക്കിയെ മുതിര്‍ന്ന പൗരന്‍മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം (Maintanance and Welfare of Parents and Senior Citizen Act-2007) ഉത്തരവാദിത്ത്വങ്ങള്‍ സംസന്ധിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. മക്കളുടെയും പിന്‍തുടര്‍ച്ചാവകാശികളുടെയും നിയമപരമായ ഉത്തരവാദിത്തമാണ് സംരക്ഷണം ഉറപ്പാക്കല്‍ എന്ന് നിയമത്തില്‍ പറയുന്നു. 60 വയസിന് മുകളിലുള്ള രക്ഷിതാക്കളെ ശാരിരികവും മാനസീകമായും പീഡിപ്പിക്കുന്നതും തടവും പിഴയും കിട്ടാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ്. വൃദ്ധമന്ദിരത്തിലും മറ്റും വയോവൃദ്ധരായ സ്ത്രീകള്‍ ലൈംഗികതിക്രമത്തിനടക്കം വിധേയരാവുന്നെന്ന പരാതി ലഭ്യമാവുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ട് ലഭ്യമാവുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. വയോജനങ്ങളുടെ സംരക്ഷണത്തിന് നിയമ പരിപാലനം ഉറപ്പുവരുത്തുന്നതിനൊപ്പം വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സൗഹൃദപരമാക്കുക, വയോമിത്രം പ്രോജക്ടുകള്‍ വ്യാപകമാക്കുക, ചികിത്സയും ഭക്ഷണവും പരിചരണവും ലഭ്യമാക്കാന്‍ ആധുനിക സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നുള്ളതാണ് സമൂഹ്യനീതി വകുപ്പിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിക്കുക. വൃദ്ധജന പരിപാലനം സമൂഹത്തിന്റെ കടമയാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന 'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പ്രചാരണ പരിപാടിക്ക് സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.