Friday, February 24, 2017
Reg:No 91291/Kermal/2004/18734

ഇ.പി. ജയരാജന്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാന്‍ സാധ്യത

ഇ.പി. ജയരാജന്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാന്‍ സാധ്യത

കണ്ണൂര്‍: ഇ.പി. ജയരാജന്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാന്‍ സാധ്യത. ബന്ധുനിയമന വിവാദത്തെക്കുറിച്ചുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വരുംമുമ്പ് പുതിയ മന്ത്രിയെ തീരുമാനിച്ചതില്‍ ജയരാജന് പ്രതിഷേധമുണ്ടായിരുന്നു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം പുറത്തുവരുന്നതോടെ ജയരാജന്‍ രാജിക്കാര്യം തുറന്നുപറയുമെന്നാണ് വിവരം.
 
ആദ്യ രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം സെക്രട്ടേറിയറ്റില്‍ നിന്ന് ഇറങ്ങിയ ജയരാജന്‍ തുടര്‍ന്നുള്ള സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ തിങ്കളാഴ്ച കണ്ണൂരിലെത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹം ഒരു പൊതുപാടിയിലും പങ്കെടുത്തിരുന്നില്ല. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുമെന്നാണ് വിവരം. 
 
നിയമന കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വിജിലന്‍സ് അന്വേഷണ നിഗമനമെന്നാണ് ജയരാജന്‍ പറയുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ക്ക് അറിയാമെന്നും എന്നിട്ടും ജനങ്ങളുടെ മുന്നില്‍ തെട്ടുകാരനാക്കുന്ന രീതിയില്‍ പുതിയ മന്ത്രിയെ നിയോഗിച്ചുവെന്നുമാണ് ജയരാജനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പരാതി. പാര്‍ട്ടി രംഗത്തുനിന്ന് പൂര്‍ണമായും പിന്മാറി  കണ്ണൂരില്‍ ജയരാജന്‍ തന്നെ നേരിട്ട്  നടത്തുന്ന വൃദ്ധസദനത്തിന്‍െറയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മേഖലയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.