Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

ഫസല്‍ വധം: കാരായിമാർ കുറ്റക്കാരല്ലെന്ന്​ ആർഎസ്എസ്​ പ്രവർത്തകന്റെ മൊഴി

ഫസല്‍ വധം: കാരായിമാർ കുറ്റക്കാരല്ലെന്ന്​ ആർഎസ്എസ്​ പ്രവർത്തകന്റെ മൊഴി

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കാരായിമാർ കുറ്റക്കാരല്ലെന്ന്​ ആർഎസ്എസ്​പ്രവർത്തകന്റെ മൊഴി.  ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന ആർ.എസ്​.എസ്​പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി സുബീഷ്. ഇരിങ്ങാലക്കുട സ്വദേശിയായ ആർ.എസ്​.എസ് പ്രചാരകനും ഡയമണ്ട് മുക്കിലെ ആർ.എസ്​.എസ് നേതാവുമായ ശശിയും മനോജും താനുമടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് സുബീഷ് പോലീസിന് മൊഴി നല്കി. 2014ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. 
 
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻ.ഡി.എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സി.ബി.ഐ അന്വേഷിച്ച കേസിലാണ് സുപ്രധാന കണ്ടെത്തലുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. സി.ബി.​ഐ അന്വഷണത്തിൽ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിഅംഗം ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ടു സി.പി.എം  പ്രവര്‍ത്തകര്‍ പ്രതികളാണെന്ന്​ കണ്ടെത്തി  കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.