Saturday, May 27, 2017
Reg:No 91291/Kermal/2004/18734

വാട്‌സ് ആപ്പിലൂടെ വിദ്യാർത്ഥികൾക്ക് നഗ്‌ന ചിത്രം അയച്ച പ്ലസ്‌ടു അദ്ധ്യാപകന്‍ അറസ്റ്റില്‍

 വാട്‌സ് ആപ്പിലൂടെ വിദ്യാർത്ഥികൾക്ക് നഗ്‌ന ചിത്രം അയച്ച പ്ലസ്‌ടു അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വാട്‌സ് ആപ്പിലൂടെ വിദ്യാർത്ഥികൾക്ക് നഗ്‌ന ചിത്രം അയച്ച പ്ലസ്‌ടു അദ്ധ്യാപകനെ വിദ്യാർത്ഥികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ കൂട്ടായി എം.എം.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അദ്ധ്യാപകനും തിരുനാവായ സ്വദേശിയുമായ രാജേഷ് കുമാറിനെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി പ്ലസ്‌ടു വിദ്യാർത്ഥിനികളുടെ ഫോൺ നമ്പറുകള്‍ രാജേഷ് കുമാർ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർക്കാനെന്നു പറഞ്ഞായിരുന്നു അദ്ധ്യാപകൻ പെൺകുട്ടികളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചത്. എന്നാൽ സംശയം തോന്നിയ പെൺകുട്ടികൾ ക്ലാസിലെ ആൺകുട്ടികളുടെ നമ്പർ ആണ്  അദ്ധ്യാപകന് നൽകിയത്. പിന്നീട് ശേഖരിച്ച നമ്പറുകൾ വച്ച് അദ്ധ്യാപകൻ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു. ഈ ഗ്രൂപ്പിൽ പെൺകുട്ടികൾ മാത്രമാണ് ഉള്ളതെന്ന ധാരണയിൽ അദ്ധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. പെണ്‍കുട്ടികളുടെ നമ്പര്‍ ആണെന്ന് കരുതി രാജേഷ് കുമാർ തന്റെ നഗ്‌ന ഫോട്ടോകൾ രണ്ട് ആൺകുട്ടികൾക്ക് വാട്‌സ് ആപ്പ് വഴി അയചതോടെ സംഭവം പുറത്തായി. ഇതോടെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽക്ക് പരാതി നൽകി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും സ്ഥലത്തെത്തി. തുടർന്ന് തിരൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു.