Sunday, January 22, 2017
Reg:No 91291/Kermal/2004/18734

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ. രാജു.

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ. രാജു.

ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26ന് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും. നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായും ആചരിക്കും. കന്നുകാലികളുടെ തീറ്റച്ചെലവ് പരമാവധി കുറച്ച് പാലുത്പാദനം ലാഭകരമാക്കുന്നതിനും തീറ്റപ്പുല്‍കൃഷിയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കാനുമാണ് ആചരണം. ദേശീയക്ഷീര ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍, തീറ്റപ്പുല്‍കൃഷി വര്‍ഷാചരണം, കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത ക്ഷീരവികസന പദ്ധതി എന്നിവയുടെ ഉദ്ഘാടനം നവംബര്‍ 26 ന് അഞ്ചല്‍ വൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കെ. സോമപ്രസാദ് എം.പി, എം.എല്‍.എമാരായ മുല്ലക്കര രത്‌നാകരന്‍, കെ.ബി. ഗണേഷ്‌കുമാര്‍, ഐഷാ പോറ്റി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മടീച്ചര്‍, മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എം. രാജഗോപാല്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി തുടങ്ങിയവര്‍ സംബന്ധിക്കും. മികച്ച പരമ്പരാഗത ക്ഷീര സഹകരണസംഘത്തിനുള്ള വര്‍ഗീസ് കുര്യന്റെ പേരിലുള്ള ഒരുലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് കണ്ണൂര്‍ ബക്കളം ക്ഷീരോത്പാദക സഹകരണ സംഘത്തിനും ആനന്ദ് മാതൃക അവാര്‍ഡ് പത്തനംതിട്ട വെച്ചൂച്ചിറ പി.ടി. 88 (ഡി) ആപ്‌കോസ് ക്ഷീരോത്പാദക സഹകരണ സംഘത്തിനും നല്‍കും. ഈ വര്‍ഷം 75 ശതമാനം സബ്‌സിഡിയോടെ നാല്‍പതിനായിരം പശുക്കള്‍ക്ക് കന്നുകാലി ഇന്‍ഷുറന്‍സ് നല്‍കുമെന്നും അടുത്തവര്‍ഷം മുതല്‍ എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത ക്ഷീരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറവപ്പശുക്കളുടെയും കിടാരികളുടെയും വിതരണം, കാലിത്തൊഴുത്ത് നിര്‍മാണം, കറവയന്ത്രങ്ങളുടെ നവീകരണം, തീറ്റപ്പുല്‍കൃഷി എന്നിങ്ങനെ ഏഴര കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.