Sunday, June 25, 2017
Reg:No 91291/Kermal/2004/18734

ഹരിപ്പാട്​ മെഡിക്കൽ കോളെജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതി; ചീഫ്​ എഞ്ചിനിയർക്കെതിരെ വിജിലൻസ്​ കേസ്​

ഹരിപ്പാട്​ മെഡിക്കൽ കോളെജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍  അഴിമതി; ചീഫ്​ എഞ്ചിനിയർക്കെതിരെ വിജിലൻസ്​ കേസ്​

കൊച്ചി: ഹരിപ്പാട്​ മെഡിക്കൽ കോളെജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍  അഴിമതിയുള്ളതായി  കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത്​ വകുപ്പ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന്​വിജിലൻസ്​. ബിൽഡിങ്​ വിഭാഗം ചീഫ്​ എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയായിരിക്കും കേസ്​ ഫയൽ ചെയ്യുക. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
2015 ജനുവരി ഏഴിനാണ്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്​. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ലെന്നും കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്ത കമ്പനികളെ ഒഴിവാക്കി വൻ തുക ക്വാട്ട്​ ചെയ്ത കമ്പനിക്ക്​കരാർ നല്‍കി എന്നാണ് കണ്ടെത്തിയത്. .
യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത്​ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ കോളെജിന്​തുടക്കം കുറിച്ചത്. എന്നാല്‍, മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടർന്ന്​ പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർ അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന്​ നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനമാണ്​ വിജിലന്‍സ് റിപ്പോർട്ടിലുണ്ടായിരുന്നത്​. എന്നാല്‍ എല്ലാ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമേ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കൂയെന്ന്​വിജിലന്‍സ് അറിയിച്ചിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്​ ചീഫ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്​. 
കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളേക്കാള്‍ കൂടുതല്‍ തുകയുടെ ടെന്‍ഡര്‍ നല്‍കിയ ആര്‍ക്കി മട്രിക്സിന് കരാറനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു  ആന്‍സണ്‍സ് ഗ്രൂപ്പിന്റെ ആരോപണം. ഇതുവഴി സര്‍ക്കാറിന് 5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.