Thursday, October 19, 2017
Reg:No 91291/Kermal/2004/18734

ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച്; 17 കാരനുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച്; 17 കാരനുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൊടുപുഴയില്‍ ദമ്പതികളെ അക്രമിച്ച് കീഴ്‌പ്പെടുത്തി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പതിനേഴുകാരന്‍ ഉള്‍പ്പടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഇന്ന് രാവിലെ പാലക്കാട് വച്ചാണ് ഇരുവരെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഒന്നും രണ്ടും പ്രതികളായ ഒഡീഷ സ്വദേശികളായ രമേശ്, ചിങ്കു എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന.
കഴിഞ്ഞ ഉത്രാട ദിനത്തിലാണ് സംഭവം. തൊടുപുഴയിലെ കൃഷ്ണവിലാസത്തില്‍ ബാലചന്ദ്രന്‍ (ബാലു 58), ഭാര്യ ശ്രീജ (51 ) എന്നിവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ മോഷ്ടാക്കള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും നാലു പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണും കവരുകയായിരുന്നു. മോഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി കോളിംഗ് ബെല്‍ അടിച്ച ശേഷം വീടിനുമുന്നില്‍ നിന്ന് കതകില്‍ തട്ടി ഉറക്കെ നിലവിളിക്കുന്നത് ഇവര്‍ കിളിവാതിലൂടെ കണ്ടു. എന്തോ അപകടം പറ്റിയതാണെന്ന് കരുതി വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ പെട്ടന്ന് വീടിനുള്ളിലേക്ക് കടന്നു. തൊട്ടുപിന്നാലെ ഒളിഞ്ഞിരുന്ന മറ്റ് മൂന്നു പേരും വീടിനുള്ളിലേക്ക് കടന്ന് ബാലചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കൈകളും കാലുകളും കേബിളും കയറും ഉപയോഗിച്ച് വരിഞ്ഞു മുറുക്കി. തുടര്‍ന്ന് ജാനകിയെ സമീപത്തെ സോഫയോട് ചേര്‍ന്നുള്ള ജനലില്‍ കെട്ടിയിട്ടു. നിലവിളിക്കാന്‍ ശ്രമിക്കുന്നതിനിടെ വായില്‍ തുണി തിരുകി. പെട്രോള്‍ പമ്പില്‍നിന്നുള്ള കളക്ഷന്‍ ബാലചന്ദ്രന്‍ എല്ലാദിവസവും പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇക്കാര്യം അറിയാവുന്ന മോഷ്ടാക്കള്‍ ‘ പൊതിയെവിടെ ‘ എന്ന് മലയാളത്തില്‍ ചോദിച്ച് ബഹളം വെച്ചു, പിന്നീട് ഇരുവരെയും വലിച്ചിഴ്ക്കുകയും ആക്രമിക്കുകയും ചെയ്ത് ഇവിടെയുണ്ടായിരുന്ന ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ ഇവര്‍ കൈക്കലാക്കുകയായിരുന്നു. ഇതിനിടെ ജാനകിയുടെ കൈയില്‍ കിടന്ന രണ്ടു വളയും മൂന്നര പവന്‍ തൂക്കം വരുന്ന ബാലചന്ദ്രന്റെ മാലയും മോഷ്ടാക്കള്‍ കവര്‍ന്നു. പണം എടുത്ത ശേഷം ഇവര്‍ വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഇവര്‍ പോയ ശേഷം ജാനകിയാണ് കാലിലെ കെട്ടുകള്‍ അഴിച്ച് ബാല ചന്ദ്രനെ മോചിതനാക്കിയത്. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മോഷണം നടത്തിയ പ്രതികള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട വിവരം പോലീസ് അറിയാന്‍ വൈകിയതാണ് പ്രതികളെ രക്ഷപ്പെടാനിടയായത്. രാത്രിയില്‍ ദൂരസ്ഥലത്തയേക്ക് ഓട്ടം പോകുന്നവരെ കുറിച്ചുള്ള വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഓട്ടോ ഡ്രൈവര്‍ ഇതിന് തയാറാകാതിരുന്നത് പ്രതികളെ രക്ഷപ്പെടുന്നതിന് വഴിതെളിച്ചെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരെ കെട്ടിയിട്ടിരുന്നതിനാല്‍ കെട്ടുകളഴിച്ച് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് പോലീസില്‍ വിവരം അറിയിക്കാന്‍ സാധിച്ചത്. അന്വേഷണത്തില്‍ നാലുപേര്‍ ഓട്ടോറിക്ഷയില്‍ മൂവാറ്റുപുഴക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. ഇതു പ്രകാരം ഈ ഓട്ടോറിക്ഷാ ഡ്രൈവറെ മനസിലാക്കി ഫോണില്‍ ബന്ധപ്പടുമ്പോഴേക്കും സംഘം സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയിട്ട് 15 മിനിട്ട് കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ പെരുമ്പാവൂര്‍പോലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഇവര്‍ ബസില്‍ പരിശോധനക്കെത്തിപ്പോള്‍ ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡ് കഴിഞ്ഞിരുന്നു. ഫോണ്‍ നമ്പര്‍കണ്ടെത്തി ബസിലെ കണ്ടക്ടറെ ബന്ധപ്പെടുന്നതിനും താമസം നേരിട്ടു. സ്റ്റാന്‍ഡില്‍ ഇറങ്ങിയ പ്രതികള്‍ മറ്റൊരു ബസില്‍ ആലുവയിലെത്തി ഇവിടെ നിന്നും പാലക്കാട് ഭാഗത്തേയ്ക്ക് ട്രെയിനില്‍ കയറിയിരുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന പോലീസിനെ വെട്ടിച്ച് ഒടുവില്‍ പാലക്കാട് ഒലവങ്കോട് വെച്ച് പല വഴിക്ക് രക്ഷപ്പെടുകയായിരുന്നു. ഈ സംഘം പിന്നീട് ഒഡീഷയിലേയ്ക്ക് കടക്കുകയായിരുന്നു.