Monday, September 25, 2017
Reg:No 91291/Kermal/2004/18734

കാസർകോട് നിന്ന് കാണാതായ മലയാളികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ.

കാസർകോട് നിന്ന് കാണാതായ മലയാളികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ.

കാസര്‍ഗോഡ്: കാസർകോട് നിന്ന് കാണാതായ മലയാളികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ. തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് പിടിയിലായത്. ഒരുമാസം മുമ്പാണ് ഇയാളെ കാണാതായത്. മുംബൈയിലെ ഡോങ്ക്രിയില്‍ വച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. 
 
അതേസമയം, കാസര്‍ഗോഡ് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേരെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ എന്‍ഐഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കാണാതായവര്‍ക്ക് ഐ എസ് തീവ്രവാദ ബന്ധം ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. 
 
കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുന്നുണ്ടെന്നും റോ വ്യക്തമാക്കി. എന്നാല്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കാസര്‍ഗോഡ് നിന്നും 15 പേരെയും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നാലുപേരെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.