Thursday, August 17, 2017
Reg:No 91291/Kermal/2004/18734

കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ കോൺഗ്രസ്​ നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു

കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ കോൺഗ്രസ്​ നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണവേളയിൽ കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ കോൺഗ്രസ്​ നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു. ഹോസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ബേക്കൽ പോലീസാണ് കേസെടുത്തത്. ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമന്റെ പരാതിയിലായിരുന്നു കേസെടുത്തത്. 
 
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ചേര്‍ന്ന ബൂത്ത് തല കുടുംബയോഗത്തില്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു പരാതി. സി.പി.എം എത്രമാത്രം വോട്ട് ചെയ്യുന്നുവോ അത്രയും വോട്ട് നമ്മളും ചെയ്യണമെന്നായിരുന്നു സുധാകരന്‍റെ ആഹ്വാനം. കുടുംബയോഗത്തിൽ പങ്കെടുത്ത ഒരാൾ സംഭവം മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
 
സംഭവം ശ്രദ്ധയിൽപ്പെട്ട കുഞ്ഞിരാമൻ എം.എൽ.എ സുധാകരനെതിരെ ഉദുമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലീസ് തയാറായില്ല.  തുടര്‍ന്ന് കോടതിയെ സമീപിക്കുകയും കോടതി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഐ.പി.സി 171(എഫ്) അനുസരിച്ച് പ്രേരണാക്കുറ്റത്തിനാണ് സുധാകരനെതിരെ കേസെടുത്തത്. കള്ളവോട്ട് പ്രേരണയ്ക്ക് ഇതാദ്യമായാണ് സംസ്ഥാനത്ത് കേസെടുക്കുന്നത്. 
 
എന്നാൽ, ഇടതുമുന്നണി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ തടയണമെന്നാണ് താൻ ആഹ്വാനം ചെയ്തതെന്നാണ് കെ.സുധാകരന്‍റെ വിശദീകരണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.